
വാൻകൂവർ : ലോക ഫുട്ബാളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡിന് ഉടമയായ കനേഡിയൻ വനിതാ ഫുട്ബാളർ ക്രിസ്റ്റീൻ സിൻക്ളെയർ 23 വർഷം നീണ്ട ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു.
331 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 190 ഗോളുകൾ അടിച്ചുകൂട്ടിയാണ് 40കാരിയായ സിക്ളെയർ ലോക ഫുട്‌ബോളിലെ ടോപ് സ്‌കോറർ പട്ടത്തിലെത്തിയത്. പുരുഷ ഫുട്ബാളിലെ ടോപ് സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോ 205 കളികളിൽ നിന്ന് 128 ഗോളുകളാണ് നേടിയിട്ടുള്ളത്.
180 കളികളിൽ നിന്ന് 106 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. നിലവിൽ കളിക്കുന്നവരിൽ സിൻക്ലെയർക്ക് പിന്നിലുള്ളത് ജോർദാന്റെ വനിതാ താരം മെയ്‌സ ജബാറയാണ്. 133 ഗോളുകളാണ് ജബാറയ്ക്കുള്ളത്. ബ്രസീലിയൻ വനിതാ ഇതിഹാസ താരം മാർത്തയ്ക്ക് 115 ഗോളുകളാണുള്ളത്. 2000ത്തിൽ തന്റെ 17-ാം വയസിലാണ് സിൻക്ളെയർ രാജ്യത്തിനായി ആദ്യം ബൂട്ടുകെട്ടുന്നത്.
രാജകീയം വിരമിക്കൽ
കഴിഞ്ഞദിവസം കാനഡയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന സൗഹൃദ മത്സരമാണ് സിൻക്ളെയറുടെ വിരമിക്കലിന് വേദിയായത് .മത്സരം നടന്ന ബി.സി പ്ലേസ് സ്റ്റേഡിയത്തിന് സിലക്ളെയറിനോടുള്ള ആദരസൂചകമായി ഒരു മത്സരത്തിന് മാത്രമായി ക്രിസ്റ്റീന്‍ സിൻക്ലയർ പ്ലേസ് എന്ന് പേരുനൽകിയിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച കാനഡ, തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തിന്റെ വിടവാങ്ങൽ ഗംഭീരമാക്കി. അവരോടുള്ള . ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച സിൻക്ലെയർക്ക് അർഹിച്ച വിടവാങ്ങൽ മത്സരം നൽകാൻ കാനഡ ടീം ഒന്നാകെ കാത്തിരിക്കുകയായിരുന്നു. സിൻക്ലെയറുടെ അവസാന മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 48,112 കാണികളാണ്. മത്സരത്തിന്റെ 58-ാം മിനിട്ടിൽ 23 വർഷക്കാലം നീണ്ട കരിയർ അവസാനിപ്പിച്ച് സിൻക്ലെയർ മടങ്ങി. നിറഞ്ഞ കൈയടികളോടെ കാണികളും ഓസ്‌ട്രേലിയൻ താരങ്ങളും ആ ഇതിഹാസത്തിന് മികച്ച യാത്രയയപ്പുതന്നെ നൽകി.
സിൻക്ളെയർ റെക്കാഡ്സ്
കാനഡ വനിതാ ടീമിനൊപ്പം ഒരു ഒളിമ്പിക് സ്വർണവും രണ്ട് വെങ്കലവും നേടിയ താരം 14 തവണയാണ് കാനഡയുടെ മികച്ച ഫുട്‌ബാൾ താരത്തിനുള്ള പുരസ്‌കാരം നേടിയത്.
അഞ്ച് ലോകകപ്പുകളിൽ ഗോള്‍ നേടിയ താരം കൂടിയാണ് സിൻക്ലെയർ. ക്രിസ്റ്റ്യായാനോ റൊണാൾഡോ, മാർത്ത എന്നിവർ മാത്രമാണ് ഈ റെക്കോഡിൽ സിൻക്ലെയർക്കൊപ്പമുള്ളത്.
2003 (യുഎസ്), 2007 (ചൈന), 2011 (ജർമനി), 2015 (കാനഡ), 2019 (ഫ്രാൻസ്), 2023 (ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്) ലോകകപ്പുകളിൽ കളിച്ചു. 2008 (ബെയ്ജിംഗ്), 2012 (ലണ്ടൻ), 2016 (റിയോ), 2020 (ടോക്യോ) ഒളിമ്പിക്‌സുകളിലും കളിച്ചു.
2012 ഒളിമ്പിക്സിൽ ആറു ഗോൾ നേടിയതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.
2005, 2006, 2007, 2008, 2010, 2012, 2016 വർഷങ്ങളിലായി ഏഴു തവണ ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
2021-ൽ ബാലൺ ഡിഓർ പുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ട സിൻക്ലെയർ മികച്ച വനിതാ അത്‌ലറ്റിനു നല്‍കുന്ന ബോബീസ് റോസൻഫെഡ് അവാർഡ് രണ്ടുതവണ നേടിയിട്ടുണ്ട്