nirmala

 ഫോബ്സ് പട്ടികയിൽ 32ാം സ്ഥാനം

ന്യൂയോർക്ക് : ഫോബ്സ് മാഗസിന്റെ ലോകത്തെ ഏ​റ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ തുടർച്ചയായ അഞ്ചാം തവണയും ഇടംനേടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 32ാം സ്ഥാനത്താണ് നിർമ്മല. 2022ൽ 36-ാം സ്ഥാനത്തായിരുന്നു.

എച്ച്.സി.എൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര ( 60 ), സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (70), ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർഷാ ( 76 ) എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു വ്യക്തികൾ.
കഴിഞ്ഞ വർഷത്തെ പോലെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിറുത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്, യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർ തുടർച്ചയായി രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി,​ പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരാണ് തൊട്ടുപിന്നിൽ. ആദ്യ അഞ്ചിൽ ഇടം നേടുന്ന വിനോദരംഗത്തെ ആദ്യത്തെ വനിതയാണ് ടെയ്‍ലർ.

യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ( 27 ), തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ ( 30 ), ടെലിവിഷൻ അവതാരിക ഓപ്ര വിൻഫ്രി ( 31 ), ഗായിക ബിയോൺസെ ( 36 ), ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ( 46 ), ഗായിക റിയാന്ന ( 74) തുടങ്ങിയവരും പട്ടികയിൽ ഇടംനേടി.