
ചെന്നൈ: ആന്ധ്രയിൽ വീശിയടിച്ച മിഷോംഗ് ചുഴലിക്കാറ്റ് വടക്ക്- കിഴക്കൻ ഭാഗത്തേക്ക് നീങ്ങിയതോടെ ഒഡീഷാ തീരപ്രദേശങ്ങളിൽ കനത്ത മഴ. ഗഞ്ചം, ഗജപതി, കോരാപുട്ട്, നബരംഗ്പൂർ, മൽക്കൻഗിരി, രായഗഡ, കലഹണ്ടി, കാണ്ഡമാൽ ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി. നിരവധി കൃഷിയിടങ്ങൾ നശിച്ചു.
ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകി. നിലവിൽ വടക്കു കിഴക്കൻ തെലങ്കാനയിലാണ് ചുഴലിക്കാറ്റുള്ളത്. എന്നാൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി.
ഇതേ ദിശയിലേക്ക് നീങ്ങുംതോറും ദുർബലമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മണിക്കൂറിനുള്ളിൽ ദുർബലമാകും. വടക്കു കിഴക്കൻ തെലങ്കാനയിലും തെക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലും ചുഴലിക്കാറ്റിന്റെ ഫലമായി മഴ പെയ്തു. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിങ്ങനെ റെഡ് അലർട്ട് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ജാഗ്രത കണക്കിലെടുത്ത് ഇപ്പോഴും എൻ.ഡി.ആർ.എഫ് സംഘങ്ങൾ സജ്ജരാണ്. ചുഴലിക്കാറ്രിന്റെ തീവ്രത കുറയുകയാണെന്നും ദുരന്തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. മഴയ്ക്കും കാറ്റിനും ശക്തി കുറഞ്ഞെങ്കിലും തമിഴ്നാട്ടിൽ കെടുതികൾ രൂക്ഷമാണ്. ചെന്നൈയും വടക്കൻ ഭാഗങ്ങളും വെള്ളക്കെട്ടിൽ തന്നെയാണ്.
ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. ചെന്നൈയിലെ ചില പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തമിഴനാടിന് പിന്തുണ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആന്ധ്രയിൽ ഒരു കർഷകനും നഷ്ടം സംഭവിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ട്രെയിനുകൾ ഇന്നും മുടങ്ങിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങൾ റദ്ദാക്കി. 13 സബ് വേകൾ ഇന്നും അടഞ്ഞു കിടക്കുകയാണ്.
മോദി അനുശോചിച്ചു
മിഷോംഗ് ചുഴലിക്കാറ്രിനെത്തുടർന്നുണ്ടായ മഴയിലും കെടുതികളിലും മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
കുത്തനെ ഉയർന്ന് വില
ചെന്നൈയിൽ ദുരിതം തുടരുന്നതിനിടെ അവശ്യ സാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നു. പാൽ ലിറ്ററിന് 150 രൂപ വരെ വില ഉയർന്നു. ഓട്ടോറിക്ഷകളും ടാക്സികളും കൊള്ളലാഭം കൊയ്യുന്നുവെന്ന പരാതികളും ഉയർന്നു.