
ട്വന്റി-20 ബൗളർ റാങ്കിംഗിൽ രവി ബിഷ്ണോയ് അപ്രതീക്ഷിതമായി ഒന്നാം സ്ഥാനത്ത്
ബാറ്റർമാരിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒന്നാമതായി തുടരുന്നു
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബൗളർ റാങ്കിംഗിൽ അപ്രതീക്ഷിതമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ്. 699 റേറ്റിംഗ് പോയിന്റാണ് ബിഷ്‌ണോയ്ക്കുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയിലെ മിന്നും പ്രകടനമാണ് രവി ബിഷ്ണോയ്‌യെ ഈ നേട്ടത്തിലെത്തിച്ചത്. അഞ്ചുകളികളിൽ നിന്ന് ഒൻപത് വിക്കറ്റുകൾ നേടിയ ഈ 23കാരനാണ് പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും. 2022ൽ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20യിൽ അരങ്ങേറിയ രവി ഇതുവരെ 21 മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റുകൾ നേടിക്കഴിഞ്ഞു. ഒരു എകദിനവും രവി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ഇതോടെ ട്വന്റി-20 ഫോർമാറ്റിലെ ബാറ്റർമാരുടെയും ബൗളർമാരുടെയും റാങ്ക്പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരങ്ങളായി. ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 855-റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്.
ബൗളർമാരുടെ പട്ടികയിൽ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയാണ് രവി ബിഷ്ണോയ് രണ്ടാമതാക്കിയത്. 692-റേറ്റിംഗ് പോയിന്റാണ് റാഷിദിനുള്ളത്. 679 പോയിന്റോടെ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ മൂന്നാമതാണ്. ആദിൽ റഷീദ് നാലാമതും മഹീഷ് തീഷ്ണ അഞ്ചാമതുമെത്തിയതോടെ ടോപ് ഫൈവിൽ സ്പിന്നർമാർ മാത്രമായി. ബാറ്റിംഗ് റാങ്കിംഗിൽ 787പോയിന്റുമായി പാക് വിക്കറ്റ്കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് രണ്ടാമത്. ,ആൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഒന്നാമതും അഫ്ഗാൻതാരം മുഹമ്മദ് നബി രണ്ടാമതുമാണ്.