
പ്യോഗ്യാംഗ്: രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് തടയാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് രാജ്യത്തെ സ്ത്രീകളോട് അഭ്യർത്ഥിക്കുന്നതിനിടെ വികാരാധീനനായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
രാജ്യത്തിന് കരുത്തേകാൻ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ നടന്ന അഞ്ചാമത് നാഷണൽ കോൺഫറൻസ് ഒഫ് മദേഴ്സ് പരിപാടിയിൽ കിം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ജനന നിരക്ക് വർദ്ധിപ്പിക്കുക, കുട്ടികൾക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നൽകുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ അമ്മമാർ വഹിച്ച പങ്കിന് കിം നന്ദി പറഞ്ഞു. പാർട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങൾ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേർത്തു.
1970-80 കളിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കാൻ ഉത്തര കൊറിയ ജനന നിയന്ത്രണ പദ്ധതികൾ നടപ്പാക്കിയിരുന്നു. 1990കളുടെ മദ്ധ്യത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിന് ശേഷം ഉത്തര കൊറിയയിൽ ജനസംഖ്യ കുറയാൻ തുടങ്ങി. യു.എന്നിന്റെ 2023ലെ കണക്ക് അനുസരിച്ച് ഉത്തര കൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്. ജനന നിരക്കിന്റെ കാര്യത്തിൽ ഉത്തരകൊറിയയുടെ അയൽരാജ്യങ്ങളും സമാനമായ പ്രശ്നം നേരിടുന്നുണ്ട്.
മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ ഭവനം, സബ്സിഡികൾ, സൗജന്യ ഭക്ഷണം, മരുന്ന്, വീട്ടുപകരണങ്ങൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങി ജനസംഖ്യയിലെ കുറവ് പരിഹരിക്കാൻ ഒട്ടേറെ ആനുകൂല്യങ്ങൾ നിലവിൽ ഉത്തര കൊറിയയിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.