
തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ ഒരു വിഭാഗം താത്‌കാലിക ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. കൗൺസിലിന്റെ സ്റ്റേഡിയങ്ങളിലും സ്പോർട്സ് ഹോസ്റ്റലുകളിലും കെയർടേക്കർമാർ, വാർഡൻമാർ,സെക്യൂരിറ്റി തസ്തികളിൽ ജോലിനോക്കുന്നവർക്കാണ് ശമ്പളം കിട്ടാത്തത്. അതേസമയം ഓഫീസുകളിൽ ജോലിചെയ്യുന്ന ഒരു വിഭാഗം താത്‌കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നുമുണ്ട്. ഇതോടെ ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അർദ്ധസർക്കാർ സ്ഥാപനമായ സ്പോർട‌്സ് കൗൺസിലിൽ പ്ളാൻ ഫണ്ടിൽ നിന്നാണ് താത്‌കാലിക വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്. എന്നാൽ തലപ്പത്തിരിക്കുന്നവർക്ക് വേണ്ടപ്പെട്ടവരെ താത്‌കാലികമായി നിയമിച്ച ശേഷം നോൺ പ്ളാനിഗ് ഫണ്ടിൽ നിന്ന് ശമ്പളം നൽകുന്നവരാക്കി മാറ്റി എന്നാണ് ആരോപണം. കഴിഞ്ഞ ജൂൺ,ജൂലായ് മാസങ്ങളിലും ശമ്പളം വൈകിയിരുന്നു. ജീവനക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ധനകാര്യവകുപ്പിന്റെ അനുമതി നേടി ശമ്പളം നൽകിയത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുമുണ്ടായിരിക്കുന്നത്. കൗൺസിലിൽ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റശേഷം ചെലവുകൾ കുറയ്ക്കാനെന്നപേരിൽ പരിശീലകർ ഉൾപ്പടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ പലരെയും തിരിച്ചെടുത്തില്ല. ഇതേത്തുടർന്ന് പല സ്റ്റേഡിയങ്ങളിലും ഹോസ്റ്റലുകളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്. വീണ്ടും നിയമനം ലഭിച്ചവരെ ഒഴിവാക്കാനായാണ് ശമ്പളം നൽകാതിരിക്കുന്നതെന്ന് ആരോപണമുണ്ട്.
ഗോവയിൽ ടൂറടിക്കാൻ 4 ലക്ഷം
ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെങ്കിലും കഴിഞ്ഞ മാസം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഗോവയിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്താൻ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയടക്കം നാലുപേർക്ക് അനുവദിച്ചത് നാലുലക്ഷം രൂപയാണ്. സ്പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് ഗോവയിൽ ഒൗദ്യോഗിക അക്രഡിറ്റേഷൻ ഇല്ലാത്തതിനാൽ കേരള ഒളിമ്പിക് അസോസിയേഷനാണ് ഗസ്റ്റ് അക്രഡിറ്റേഷൻ നൽകിയത്. ഇവർക്ക് മത്സരവേദികളിലേക്ക് സഞ്ചരിക്കാനുള്ള വാഹനസൗകര്യവും ഒളിമ്പിക് അസോസിയേഷന്റെ ചെലവിലായിരുന്നു, എന്നിട്ടും നാല് ലക്ഷം രൂപ അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
കുറച്ചുനാൾ മുമ്പ് കൗൺസിൽ സെക്രട്ടറി വയനാട്ടിൽ ഒൗദ്യോഗിക സന്ദർശനമെന്ന പേരിൽ സ്വകാര്യ അക്കാഡമിയുടെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതം പോയതിന് കൗൺസിൽ 25000 രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പേരിൽ പരാതികൾ ലഭിച്ചതിനെത്തുടർന്ന് കായികമന്ത്രി ഇടപെട്ട് അന്വേഷണം നടത്തി പണം തിരികെ അടപ്പിച്ചിരുന്നു.