flood

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം അനുഭവിക്കുകയാണ് ചെന്നൈ മഹാനഗരം. നഗരത്തെ ആകെ വെള്ളത്തില്‍മുക്കിയും റോഡ്, റെയില്‍, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറാക്കി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ചുമാണ് മഴ തിമിര്‍ത്തു പെയ്തത്. 40 സെന്റീമീറ്റര്‍ മഴ ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈയില്‍ ദുരിതം പെയ്തിറങ്ങിയത്.

ഇന്ത്യന്‍ നഗരങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശം ഫലം അനുഭവിക്കുന്നതിന് ഉദാഹരണമാണ് ചെന്നൈ. 2015ലും നഗരത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ദുരിതം ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് പറയാന്‍ കഴിയില്ല.

ചെന്നൈ നഗരത്തിലുണ്ടായ വെള്ളക്കെട്ട് ആസൂത്രണമില്ലാത്ത നഗര പരിപാലനത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഇത് പല ഇന്ത്യന്‍ നഗരങ്ങളിലും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്. കൃത്യമായ ഡ്രെയ്‌നേജ് സംവിധാനങ്ങളുടെ അപര്യാപ്തത, നദികളുടെ സ്വാഭാവികമായ ഒഴുക്കിന് തടസ്സമുണ്ടാകല്‍ തുടങ്ങിയവ പ്രതികൂല സാഹചര്യങ്ങളാണ്.

ഇന്ത്യയിലെ തീരദേശ നഗരങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കടലിലെ ജലനിരപ്പ് ഉയരുന്നത് മുംബൈ, കൊല്‍ക്കത്ത പോലുള്ള വന്‍നഗരങ്ങള്‍ക്ക് ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ ഈ നഗരങ്ങള്‍ ഇതിനോടകം അനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്.

പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമാറ്റിക് ഇംപാക്ട് റിസര്‍ച്ച് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം 12 ഇന്ത്യന്‍ നഗരങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പൂര്‍ണമായും വെള്ളത്തിലകപ്പെടാനുള്ള സാദ്ധ്യതയുണ്ട്. തീരദേശ നഗരങ്ങളാണ് പ്രധാനമായും അപകട സാദ്ധ്യതയുള്ളവയുടെ പട്ടികയില്‍പ്പെടുന്നത്.

ഐപിസിസി റിപ്പോര്‍ട്ട് അനുസരിച്ച് മുംബയ്, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ 12 നഗരങ്ങളാണ് വെള്ളത്തിലകപ്പെടാനുള്ള സാദ്ധ്യത കാണുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബയ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയവയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.