ind-vs-england

മുംബയ്: ഇംഗ്ലണ്ടിനെതിരായ വനിതകളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 38 റണ്‍സ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു.

53 പന്തില്‍ 77 റണ്‍സും ഒരു വിക്കറ്റും നേടിയ നാറ്റ് സിവര്‍ ബ്രണ്ട് ആണ് കളിയിലെ താരം. സിവര്‍ ബ്രണ്ടിന് പുറമേ ഡാനിയേലാ വൈറ്റും 75(47) ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്ക് വേണ്ടി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി ഷഫാലി വെര്‍മ 52(42) അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാന്‍ മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചില്ല. സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗ്‌സ് (4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ (26), റിച്ച ഘോഷ് (21) എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സംഭാവന.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് (1-0) മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ ഒമ്പതിന് നടക്കും. മലയാളി താരം മിന്നു മണി ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല.