
സൂര്യന്റെ പ്രതലത്തിൽ ഒരു വമ്പൻ ദ്വാരത്തെ കണ്ടെത്തിയതായി സൂചന. സൂര്യനിൽ നടന്ന ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലുണ്ടായത്. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി പിടിച്ചെടുത്ത ഇതിന്റെ ചിത്രങ്ങൾ പലരിലും അമ്പരപ്പുളവാക്കി. ഡിസംബർ രണ്ടിന് കണ്ട ഈ സൗര ദ്വാരം ഏകദേശം എട്ട് ലക്ഷത്തോളം കിലോമീറ്ററാണ് 24 മണിക്കൂറുകൊണ്ട് വളർന്നത്. ഏകദേശം 60 ഭൂമികളെ കൊള്ളാവുന്നത്ര വലുപ്പം. ഈ പുതിയ കാഴ്‌ച ഒരേസമയം ഗവേഷകർക്ക് അമ്പരപ്പും ഭയപ്പാടും ഉളവാക്കി.
സൂര്യന്റെ ചിത്രങ്ങളിൽ ഈ ഭാഗം കറുപ്പ് നിറത്തിലാണ് രേഖപ്പെടുത്തുക. കാരണം ചുറ്റുപാടുകളെ അപേക്ഷിച്ച് ഈ ഭാഗങ്ങളിൽ ചൂട് കുറവാകും എന്നത് തന്നെ. ഡിസംബർ നാല് മുതൽ ഇവിടെനിന്നും ശക്തമായി സൗരവാതങ്ങൾ ഭൂമിയിലേക്ക് വരുന്നുണ്ട്. ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന് വലിയ തടസങ്ങൾ ഉണ്ടാക്കുന്നുണ്ട്. സൗര്യനിലുണ്ടായ ഈ പ്രതിഭാസങ്ങൾ ഭൂമിയിൽ സാധാരണ ധ്രുവ ദീപ്‌തികൾ ഉണ്ടാകാത്ത സ്ഥലങ്ങളിൽ പോലും മനോഹരമായ ധ്രുവദീപ്‌തിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
എത്രദിവസം വരെ ഇത്തരത്തിൽ സൗരപ്രതലത്തിൽ സൗരദ്വാരങ്ങൾ തുടരുമെന്ന കാര്യത്തിൽ ഗവേഷകർക്ക് ഉറപ്പില്ല. 27 ദിവസങ്ങൾ വരെ നീണ്ടുനിന്ന പ്രതിഭാസങ്ങൾ അടുത്തിടെ ഉണ്ടായതിനാലാണിത്.