alappuzha

ആലപ്പുഴ : അമൃത് ഭാരത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. സ്റ്റേഷൻ വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലികളാണ് ആരംഭിച്ചത്. കൂടാതെ ജെ.സി.ബി ഉപയോഗിച്ച് പ്രീ പെയ്ഡ് കൗണ്ടർ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാനും തുടങ്ങി.

നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷൻ കവാടം നിലവിലെ ഭാഗത്ത് നിന്ന് മുന്നിലേക്ക് നീങ്ങും. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്കും മാറ്റമുണ്ടാകും. സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർക്കായി എസ്‌കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ, കുടിവെള്ളത്തിനുള്ള ക്രമീകരണം, പ്ളാറ്റ്‌ഫോമിലെ കോച്ചുകളുടെ സ്ഥാനം അറിയാനുള്ള ഡിജിറ്റൽ സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തും. സ്റ്റേഷനിലെ ടാക്സി, ഓട്ടോ തൊഴിലാളികൾക്കായി ശൗചാലയം നിർമ്മിക്കും.


8 കോടിയുടെ പദ്ധതി

എസ്‌കലേറ്റർ സൗകര്യം

ഫുട്ട് ഓവർ ബ്രിഡ്ജുകൾ

ലിഫ്‌റ്റുകൾ

ഡിജിറ്റൽ കോച്ച് പൊസിഷനിംഗ്

പ്ളാറ്റ്‌ഫോം ഷെൽട്ടർ

യാത്രക്കാർക്കുള്ള വാഹന പാർക്കിംഗ് സൗകര്യം

ഓട്ടോ, ടാക്സി പാർക്കിംഗ് മേഖല

കുടിവെള്ള സൗകര്യം

പൂന്തോട്ടം,സൗന്ദര്യവത്കരണം

വിശ്രമ കേന്ദ്രം, കഫറ്റീരിയ മെച്ചപ്പെടുത്തും

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായ നവീകരണമാണ് ആരംഭിച്ചത്. ആറ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാനേജർ