
മുംബയ്: ദേഷ്യക്കാരനായ പിതാവിന് മകളുടെ കസ്റ്റഡി നൽകാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. അക്രമപരമായ സ്വഭാവമുള്ളതിനാൽ മൂന്നുവയസുകാരിയെ പിതാവിനൊപ്പം വിട്ടുനൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. യു എസ് പൗരനായ യുവാവ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ രേവതി മോഹിത് ദേരെ, ഗൗരി ഗോഡ്‌സെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യ മകളെ നിയമവിരുദ്ധമായി ഇന്ത്യയിൽ കൊണ്ടുവരികയായിരുന്നുവെന്ന് പരാതിക്കാരൻ ഹർജിയിൽ ആരോപിച്ചു. 2018ൽ യു എസിലാണ് ദമ്പതികൾ വിവാഹിതരായത്. 2020ൽ കുഞ്ഞ് ജനിച്ചു. കുറച്ച് മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു. 2022ൽ വീണ്ടും ഒന്നിക്കുകയും സിംഗപൂരിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് 2022 നവംബറിൽ യുവതി ഇന്ത്യയിലേയ്ക്ക് കുഞ്ഞുമായി എത്തിയെന്നും തിരികെവരാൻ കൂട്ടാക്കിയില്ലെന്നും യുവാവ് ഹർജിയിൽ പറഞ്ഞു.
തുടർന്ന് യുവാവ് സിംഗപൂർ കോടതിയിൽ ഹർജി സമർപ്പിച്ചു. കുഞ്ഞിന്റെ ജോയിന്റ് കസ്റ്റഡി കോടതി വിധിച്ചെങ്കിലും യുവതി തിരികെയെത്തിയില്ല. പിന്നാലെ സിംഗപൂർ കോടതി വിധി അംഗീകരിക്കണമെന്നും കുഞ്ഞിനെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ യുവാവ് അമിത ദേഷ്യമുള്ളയാളാണെന്നും മർദ്ദനസ്വഭാവമുണ്ടെന്നുമുള്ള ഭാര്യയുടെ വാക്കുകൾ ബോംബെ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. തന്റെയും കുഞ്ഞിന്റെയും സുരക്ഷിതത്വത്തിനായി ഇന്ത്യയിലേയ്ക്ക് വരാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. ഗാർഹിക പീഡനത്തിന് യുവാവിനെതിരെ സിംഗപൂരിലും യു എസിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.
ഹർജിക്കാരന്റെ മുൻകാല പെരുമാറ്റം കണക്കിലെടുത്ത് കുട്ടിയുടെ സംരക്ഷണം അദ്ദേഹത്തിന് കൈമാറുന്നത് സുരക്ഷിതമല്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുട്ടിയെ വിദേശ അധികാരപരിധിയിലേയ്ക്ക് തിരിച്ചയക്കുന്നത് ശാരീരികമോ മാനസികമായോ ദോഷങ്ങളുണ്ടാക്കാൻ പാടില്ല.
ഹർജിക്കാരന്റെ അക്രമപരവും അധിക്ഷേപകരവുമായ പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങൾ കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. കുഞ്ഞ് ആരോഗ്യപരമായും സുരക്ഷിതമായും വളർന്നുവരുന്നതിന് പ്രതികൂലമായി ബാധിക്കും. കുട്ടി മൂന്നര വയസ്സ് പ്രായമുള്ള പെൺകുട്ടിയാണ്, അതിനാൽ അമ്മയുടെ പരിചരണവും വാത്സല്യവും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.