
മുതിർന്നവരെയും കൗമാരക്കാരെയും ഒരേപോലെ ബാധിക്കുന്ന വലിയൊരു പ്രശ്നമാണ് മുടി കൊഴിച്ചിലും അകാലനരയും. ഭക്ഷണ ശൈലിയും ജോലി ഭാരവുമാണ് ഇത്തരം പ്രശ്നങ്ങളുടെ കാരണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മുടികൊഴിച്ചിൽ തടയാൻ പലരുടെയും നിർദ്ദേശപ്രകാരം വിവിധ ബ്രാൻഡുകളിലുളള ഓയിലുകളും ഷാംപൂകളും നമ്മൾ പരീക്ഷിക്കാറുണ്ട്,
പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ നിരാശയായിരിക്കും ഫലം. എന്നാൽ ഇനി നിരാശപ്പെടേണ്ട. വെറും അഞ്ച് ഭക്ഷണപദാർത്ഥങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രശ്നം ഒരു മാസത്തിനുളളിൽ പരിഹരിക്കപ്പെടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
1.ക്യാരറ്റ്
മുടികൊഴിച്ചിലിന് പ്രധാന കാരണമാകുന്നത് ഭക്ഷണത്തിൽ വിറ്റാമിൻ എയുടെയയോ ബീറ്റാകരോട്ടിന്റെയോ കുറവാണ്. ഇത് കൂടുതലായി ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ക്യാരറ്റിൽ ഉയർന്ന അളവിൽ കരോട്ടിൻ ഉണ്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കും. കൂടാതെ ക്യാരറ്റ് ഓയിലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിൽ വിറ്റാമിൻ ഇ,സി,കെ മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾ നരക്കുന്നതും തടയും. പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ മുൻപായി ക്യാരറ്റ് പച്ചയായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
2. കറിവേപ്പില
മുടിയുടെ വളർച്ച കൂട്ടുന്നതിന് കറിവേപ്പില സഹായിക്കും. ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിൽ വിറ്റാമിൻ ബി ഉൾപ്പടെ നിരവധി ആന്റീഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയിലെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നു. കറിവേപ്പിലയിൽ അമിനോആസിഡിന്റെ അളവ് കൂടുതലാണ്. ഇത് മുടി കൊഴിച്ചിലിനും മുടിയുടെ ബലം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് പാകം ചെയ്യാതെ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസവും നാല് മുതൽ അഞ്ച് ഇലകൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
3. മോര്
മോരിൽ ധാരാളം പ്രോബയോട്ടിക്സും ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ താപനില കുറയ്ക്കാൻ സഹായിക്കും. മോര് ഉപയോഗിച്ച് മുടിയിഴകൾ കഴുകുന്നത് മുടിയുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
4. നെല്ലിക്ക
പണ്ടുമുതലേ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മിക്ക ഷാംപൂകളിലും കണ്ടീഷനറുകളിലും നെല്ലിക്കയുടെ അംശം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. നെല്ലിക്ക തേനിലോ പഞ്ചസാരയിലോ ഇട്ട് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
5. ബദാം
ബദാമിൽ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബയോട്ടിൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒരു മാസം ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അകാലനരയും തടയും. ഇതിൽ ഫാറ്റി ആസിഡുകളായ ഒലീക് ആസിഡ്,ലിനോലിക് ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. മൂന്ന് രീതിയിൽ ബദാം നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസവും മൂന്ന് മുതൽ നാല് വരെയുളള ബദാം വെളളത്തിലിട്ട് കുതിർത്ത് തൊലി നീക്കം ചെയ്ത് കഴിക്കാം. അല്ലെങ്കിൽ മധുരമുളള ബദാം ഓയിൽ പാലിൽ കലർത്തി കുടിക്കാം. മൂന്നാമതായി വെളളത്തിലിട്ട് കുതിർത്ത ബദാം നന്നായി അരച്ച് കഴിക്കാം.