
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി റെസ്റ്റോറന്റുകൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. ആകർഷകമായ അന്തരീക്ഷം, രുചികരവും വ്യത്യസ്തവുമായ ഭക്ഷണം തുടങ്ങിയവ അതിൽപ്പെടുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തവും വിചിത്രവുമായ രീതി സ്വീകരിച്ചിരിച്ച് വൈറലായിരിക്കുകയാണ് ജപ്പാനിലെ ഒരു റെസ്റ്റോറന്റ്. ഷാച്ചിഹോക്കോയ - യ എന്നാണ് ഈ റെസ്റ്റോറന്റിന്റെ പേര്.
ജപ്പാനിലെ നഗോയയിലെ ഈ ഭക്ഷണ ശാലയിലെത്തി പണം നല്‍കിയാല്‍ പരമ്പരാഗത വസ്ത്രമായ കിമോണ ധരിച്ച ഒരു സ്ത്രീ വന്ന് നിങ്ങളുടെ ചെകിട്ടത്ത് അടിക്കും. അധികം പണം നല്‍കിയാല്‍ കൂടുതല്‍ അടി കൊള്ളാം. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ചെകിട്ടത്ത് അടിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ റെസ്റ്റോറന്റിനെ കുറിച്ച് അറിയാനുള്ള തിടുക്കത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ.
This is Shachihokoya - a restaurant in Nagoya - where you can buy a menu item called 'Nagoya Lady's Slap' for 300 yen pic.twitter.com/19qPM1Ohac
— Bangkok Lad (@bangkoklad) November 29, 2023
300യെൻ (170രൂപ) ആണ് അടി വാങ്ങാൻ ചാർജ് ചെയ്യുന്നത്. 500 യെൻ (283രൂപ) നൽകിയാൽ അധികമായി തല്ല് വാങ്ങിക്കൂട്ടാം. അടികൊള്ളാനായി റെസ്റ്റോറന്റിലേയ്‌ക്ക് ആളുകൾ ഇടിച്ച് കയറുകയാണ്. കാശ് കൊടുത്ത് ചെകിട്ടത്ത് അടിയും വാങ്ങി ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തോടെയാണ് ഓരോരുത്തരും മടങ്ങുന്നത്. വീഡിയോ കണ്ട് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ പോലും അടികൊള്ളാൻ എത്തുന്നുണ്ട്. സ്ട്രസ് കുറയ്‌ക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ തല്ലുന്നത് എന്നാണ് റെസ്റ്റോറന്റ് ഉടമ പറയുന്നത്. ആളുകളുടെ തിരക്ക് ക്രമാധീതമായി വർദ്ധിച്ചതോടെ അടി കൊടുത്ത് കഴിപ്പിക്കുന്ന രീതി ഇവർ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.