
അമിതവണ്ണവും കുടവയറും കുറയ്ക്കാനായി വ്യായാമം ചെയ്തതുകൊണ്ട് മാത്രം ഫലം കിട്ടണമെന്നില്ല. അതിനോടൊപ്പം ചില പാനീയങ്ങളും കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ കുടിക്കേണ്ട അത്യാവശ്യമായ ഒന്നാണ് ജീരകവെളളം. മറ്റൊരു പാനീയത്തിനുമില്ലാത്ത ഗുണങ്ങളാണ് ജീരക വെളളത്തിനുളളത്. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിക് എനർജി ഉയർത്താൻ സഹായിക്കും.
ജീരകത്തിലടങ്ങിയിരിക്കുന്ന തൈമോൾ എന്ന ഘടകം പാൻക്രിയാസിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും പാൻക്രിയാസിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ദഹനം കൂടുതൽ സുഗമമാക്കുന്നു. ദഹനക്കേടുളളവർ ജീരകവെളളം കുടിക്കുന്നത് ഗുണം ചെയ്യും.
ജീരകത്തിൽ വിറ്റാമിൻ സി, ഇ, കെ, ബി6, ബി12 തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ സിങ്ക്, സെലീനിയം, പൊട്ടാസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,അയൺ,തുടങ്ങിയ ധാതുക്കളും ഉണ്ട്. വിവിധ തരത്തിലുളള ആന്റീഓക്സിഡന്റുകളുളള ഒന്നാണ് ജീരകം. ഇത് ചർമ്മസംരക്ഷണത്തിനും സഹായിക്കും.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താൻ ജീരക വെളളം കുടിക്കുന്നത് സഹായിക്കും. സാധാരണ പ്രമേഹത്തിനായി ഉപയോഗിക്കുന്ന മരുന്നുകളോടൊപ്പം ജീരകവെളളവും കുടിക്കാവുന്നതാണ്. ഏത് പ്രായത്തിലുളളവർക്കും ഈ പാനീയം കുടിക്കാവുന്നതാണ്. കുട്ടികൾക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായകമാകും. ജീരകം അനേകം പോഷകഘടകങ്ങളുടെ കലവറയായതിനാൽ മുടി വളർച്ചയ്ക്കും ഉത്തമമാണ്.
രാവിലെ വെറും വയറ്റിൽ ജീകരവെളളം കുടിക്കുന്നതാണ് നല്ലത്. വെളളം നന്നായി ചൂടാകുമ്പോൾ മാത്രം ഏകദേശം രണ്ട് ടീസ്പൂൺ ജീരകം ഇട്ടുകൊടുക്കുക. മൂന്ന് മുതൽ നാല് മിനിട്ട് വരെ വെളളത്തെ നന്നായി തിളപ്പിച്ചതിന് ശേഷം തണുക്കാനായി അനുവദിക്കുക. ഒരു ഗ്ലാസ് ജീരകവെളളം ദിവസേന കുടിക്കുന്നത് ശീലമാക്കുക. നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം കൊഴുപ്പ് അടിഞ്ഞുകൂടാൻ സാദ്ധ്യതയുളള സ്ഥലം വയറാണ്. ദിവസേന ജീരകവെളളം കുടിക്കുകയാണെങ്കിൽ വയറിലെ കൊഴുപ്പ് സാവധാനത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.