gas-cylinder

കൽപ്പറ്റ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വയനാട് കൽപ്പറ്റ വെണ്ണിയോടാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീടിന്റെ മേൽക്കൂര ഉൾപ്പെടെ തെറിച്ചുപോയി. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം കൊണ്ടുവന്ന പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു. ഈ സമയം സമീപത്തെ വിറകടുപ്പിൽ തീയുണ്ടായിരുന്നു. ഇതാണ് ഗ്യാസ് പൊട്ടിത്തെരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടി പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.

കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്‍റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്‍റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.