mosh

കുന്നംകുളം: മലങ്കര ആശുപത്രിക്ക് പിറകുവശത്ത് നിർമ്മിക്കുന്ന അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനായി കൊണ്ടുവന്ന 50 കെട്ട് ഇരുമ്പ് കമ്പികൾ മോഷണം പോയി. സംഭവത്തെ തുടർന്ന് അപ്പാർട്ട്‌മെന്റ് നിർമ്മാണം നടത്തുന്ന കെ.എസ്.എ ബിൽഡേഴ്‌സ് കമ്പനി ഗ്രൂപ്പ് കുന്നംകുളം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് പില്ലറുകൾക്ക് ഉപയോഗിക്കുന്ന 50 കെട്ട് കമ്പി മോഷണം പോയത്. ഒരു കെട്ടിന് 1,000 രൂപ വരുന്ന കമ്പികളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഇരുമ്പ് കമ്പി കെട്ടുകൾ സമീപത്തെ പുല്ല് പിടിച്ചു കിടക്കുന്ന പൊന്തക്കാട്ടിലേക്ക് മാറ്റുകയും അവിടെ നിന്ന് സൗകര്യപൂർവം തവണകളായി ബൈക്കിൽ നാലംഗ സംഘം മോഷ്ടിച്ച് കടത്തിയെന്നുമാണ് പ്രാഥമിക സൂചന.
കുറച്ചുകാലത്തിനിടയിൽ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനങ്ങളിൽ നിന്നും ഇരുമ്പ് കമ്പികളും നിർമ്മാണത്തിനായി കൊണ്ടുവന്ന് പുറത്തുവച്ചിരുന്ന മോട്ടോറുകളും മോഷണം പോയ പരാതികൾ ഉയർന്നുവന്നിരുന്നു. രാത്രികാലങ്ങളിലാണ് ഇത്തരത്തിലുള്ള മോഷണം നടക്കുന്നത്. കഴിഞ്ഞദിവസം ജ്യൂസ് യന്ത്രം മോഷ്ടിച്ച സംഭവത്തിൽ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. നിരന്തരമായി ഉണ്ടാകുന്ന മോഷണം കച്ചവടക്കാരിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.