
ന്യൂഡൽഹി : പാർലമെന്ററി പാർട്ടി യോഗത്തിന് എത്തിയ ബി.ജെ.പി എം.പിമാരോട് വ്യത്യസ്തമായ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ മോദിജി അല്ലെങ്കിൽ ആദരണീയ മോദിജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി എം.പിമാരോട് നിർദ്ദേശിച്ചു.
തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നത് താനും ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ഒരു എം.പിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളിൽ ഒരാളായി കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്പാണ് എം.പിമാർ നൽകിയത്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പീയൂഷ് ഗോയൽ. പ്രഹ്ളാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ മോദിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പാലർമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. കൂട്ടായ പ്രവർത്തനമാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.