shoji

കോതമംഗലം: കോളിളക്കം സൃഷ്ടിച്ച മാതിരപ്പിള്ളി ഷോജി വധക്കേസിലെ പ്രതിയായ ഭർത്താവിനെ 11 വർഷത്തിനുശേഷം അറസ്റ്റുചെയ്തു. കണ്ണാടിപ്പാറ ഷാജിയെ ഇന്നലെ പുലർച്ചെ മാതിരപ്പിള്ളിയിലുള്ള വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടർന്ന് കോതമംഗലം റസ്റ്റ് ഹൗസിൽ എത്തിച്ച് ചോദ്യംചെയ്തു. ഉച്ചയോടെ വീണ്ടും വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഷോജി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷാജി വീട്ടിൽ എത്തിയിരുന്നതായി ക്രൈംബ്രാഞ്ചിന് വൃക്തമായ സൂചന ലഭിച്ചിരുന്നു. ഷാജിയുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഒരു കൊലപാതകശ്രമക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഈ കേസിൽ ഇന്നലെ അറസ്റ്റുചെയ്തശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഷോജി വധക്കേസിലും ഷാജിയുടെ പങ്ക് തെളിഞ്ഞത്.

2012 ഓഗസ്റ്റ് 8ന് ഉച്ചയോടെയാണ് ഷോജിയെ (34)കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുന്നത്. വീടിനുള്ളിൽ ഉപയോഗിക്കാതെ കിടന്ന മുറിയിൽ പായയിൽ ചോരവാർന്ന നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇവരുടെ വീടുപണി നടക്കുന്നുണ്ടായിരുന്നെങ്കിലും തൊഴിലാളികൾ രാവിലെ പത്തോടെ ചായകുടിക്കാൻ കുറച്ചുദൂരയെുള്ള കടയിൽപ്പോയി. ഇവർ തിരികെയെത്തി ഉച്ചയോടെ വെള്ളംചോദിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വീട്ടമ്മയെ കാണുന്നത്. കോതമംഗലം ടൗണിൽ കടനടത്തുന്ന ഭർത്താവ് ഷാജിയും ഇതിനിടയിൽ വീട്ടിലെത്തി. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും ആയുധമൊന്നും കണ്ടെത്താനായില്ല. ഭർത്താവ് ഷാജിയേയും സംഭവംനടന്ന ദിവസം ഇവരുടെ വീടിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരുൾപ്പെടെയുള്ളവരേയും ചോദ്യംചെയ്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. കൊലപാതകമാണെന്ന് സംശയം തോന്നിയതിനാൽ തൊട്ടടുത്ത പറമ്പിലുംമറ്റും തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

സംഭവം നടക്കുന്ന സമയത്ത് വീടിനോട് ചേർന്നുള്ള കടയിലായിരുന്നു ഷോജി. വീടുപണിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ചായകുടിക്കാൻ പോയ സമയത്ത് വീട്ടിലെത്തിയ ഷാജി അലമാരയിൽനിന്ന് ആഭരണങ്ങൾ എടുത്തത് ഭാര്യ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണ് സൂചന. കൊലപാതകം നടത്തിയശേഷം താെഴിലാളികൾ തിരിച്ചെത്തുന്നതിനുമുന്നേ ഷാജി ടൗണിലെ കടയിലേക്ക് തിരിച്ചുപോയെന്നും തുടർന്ന് ഒന്നുമറിയാത്തപോലെ വീട്ടിൽ തിരിച്ചെത്തിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.