shahna

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന്റെ പേര് പരാമര്‍ശിച്ചിരുന്നതായി പൊലീസ്. റുവൈസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പൊലീസ് പറയുന്നത്. ഒ.പി ടിക്കറ്റില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഷഹ്നയുടെ മാതാവിന്റെ മൊഴിയും പരിഗണിച്ചാണ് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമര്‍ശമാണ് റുവൈസിനെ കുരുക്കിയത്.

ഇതേക്കാര്യം റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ പക്ഷേ റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ താന്‍ പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് റുവൈസ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തത്. ഇത് വീണ്ടെടുക്കാനായി റുവൈസിന്റെ ഫോണ്‍ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് സമാനമായ മൊഴിയാണ് മാതാവും സഹോദരിയും പൊലീസില്‍ നല്‍കിയത്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി റുവൈസിനെ പൊലീസ് പ്രതിചേര്‍ക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനായി ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഷഹ്നയുടെ വീട്ടുകാര്‍ നല്‍കാമെന്ന് പറഞ്ഞതില്‍ കൂടുതല്‍ സ്വത്ത് റുവൈസിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ വിവാഹം പ്രതിസന്ധിയിലായി.

റുവൈസ് വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷ ഷഹ്നയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീധനക്കാര്യത്തില്‍ വീട്ടുകാരെ ധിക്കരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് റുവൈസ് കൈമലര്‍ത്തിയതോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഷഹ്ന കടുത്ത മനോവിഷമത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു.