അഞ്ചൽ: രാത്രിയിലെത്തിയ ഏഴംഗ സംഘം വീടും പോർച്ചിൽ കിടന്ന കാറും അടിച്ചു തകർത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ അഞ്ചൽ ചീപ്പുവയൽ സ്വദേശിയും കൺസ്ട്രക്ഷൻ കമ്പനിയുടമയുമായ ഈസ്റ്റേൺ വില്ലയിൽ സലീമിന്റെ വീട്ടിലാണ് അക്രമം നടന്നത്. രാത്രിയിൽ വടിവാളുൾപ്പെടെയുള്ള മാരകയുധങ്ങളുമായി മതിൽ ചാടിക്കടന്നെത്തിയ അക്രമിസംഘം വീടിന്റെ ജനാലകളും വാതിലും അടിച്ചു തകർത്തു. വിവരമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് അക്രമികൾ ഓടി രക്ഷപെട്ടു . പരിസരവാസിയായ യുവാവുമായുള്ള പൂർവ വൈരാഗ്യമാകാം അക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തതായി അഞ്ചൽ എസ്.എച്ച്.ഒ ഷാനവാസ് പറഞ്ഞു.