crime

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിലായി. രണ്ടംഗ സംഘത്തെ നാട്ടുകാര്‍ ആര്യനാട് പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. കൂവക്കുടി സ്വദേശി അരുണിനെ കൊലപ്പെടുത്താന്‍ 25000 രൂപയുടെ ക്വട്ടേഷനാണ് പ്രതികള്‍ ഏറ്റെടുത്തത്.

വൈകുന്നേരം ആറരമണിയോടെ വീടിന് സമീപം ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്നു അരുണ്‍ (25). ഈ സമയം ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തിയുമായി എത്തിയ സംഘം അരുണിനെ ആക്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അരുണിന്റെ അമ്മ ലക്ഷ്മിയമ്മയും ആക്രമണത്തിന് ഇരയായി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സ്ഥലംവിടാന്‍ ഒരുങ്ങുകയായിരുന്നു.


രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ വീഴുകയും നാട്ടുകാര്‍ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിലാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് വന്നതാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആരാണ് ക്വട്ടേഷന് പിന്നിലെന്നും എന്താണ് കാരണമെന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.


അരുണും അമ്മയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളിലൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.