pocso

മുംബയ്: പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികളിലൊരാള്‍ മലയാളിയായ റെയില്‍വേ ജീവനക്കാരി വിജി ആല്‍ബിന്‍ (53) ആണ്. വിജിയുടെ സുഹൃത്ത് ശോഭന (50), ശോഭനയുടെ കാമുകന്‍ പങ്കജ് എന്നിവരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് വിജി.

ആലപ്പുഴ സ്വദേശിയും മുംബയില്‍ നഴ്‌സുമായ സ്ത്രീയുടെ മകളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. ഫ്‌ളാറ്റില്‍ നഴ്‌സും മകളും മാത്രമാണ് താമസിച്ചിരുന്നത്. മുംബയില്‍ താമസസൗകര്യം ലഭിക്കാതെ വന്നതോടെയാണ് സുഹൃത്ത് വിജിയെ നഴ്‌സ് സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. വിജിയും സുഹൃത്ത് ശോഭനയും കാമുകന്‍ പങ്കജും ചേര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് പേരും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. നാല് തവണ പീഡനത്തിന് ഇരയാക്കിയിരുന്നു.

പീഡിപ്പിച്ചതിന് പുറമേ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയെന്നും പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തിന് ശേഷം കുട്ടി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് നവി മുംബയിലും കേരളത്തിലും എത്തിച്ച് കൗണ്‍സിലിംഗ് നല്‍കിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്.