
തിയേറ്ററുകളിൽ വൻ കളക്ഷൻ നേടി മുന്നേറുകയാണ് രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രം. അർജുണ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രം പുരുഷ മേധാവിത്വ സമീപനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും പേരിൽ രൂക്ഷവിമർശനവും ഏറ്റുവാങ്ങുകയാണ്.
വിവാദങ്ങൾക്കിടയിലും സിനിമയിലെ രൺബീർ കപൂറിന്റെ വീടിനെ സംബന്ധിച്ച വാർത്തയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. അനിമലിൽ രൺബീറിന്ന്റെ വീടായി ചിത്രീകരിച്ചിരിക്കുന്നത് മറ്റൊരു സൂപ്പർതാരം സെയ്‌ഫ് അലി ഖാന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസാണ്. രൺബീറിന്റെ കസിനായ കരീന കപൂറിന്റെ ഭർത്താവ് കൂടിയാണ് സെയ്‌ഫ് അലിഖാൻ.
ഹരിയാനയിലെ ഗുഡ്‌ഗാവിലാണ് 800 കോടി വിലവരുന്ന പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. സെയ്ഫ് അലിഖാന്റെ പിതാവും ക്രിക്കറ്റ് താരവുമായിരുന്ന മൻസൂർ അലിഖാൻ പട്ടൗഡിയുടെ പിതാവ് ഇഫ്തിഖർ അലിഖാൻ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം, 2005-2014ൽ ലക്ഷ്വറി ഹോട്ടലിനായി പാട്ടത്തിന് നൽകിയിരുന്നു. പിന്നീട് 2014ൽ സെയ്‌ഫ് പട്ടൗഡി പാലസിന്റെ അവകാശം തിരികെ നേടി.
ഏഴ് ബെഡ്‌റൂം, ഏഴ് ഡ്രസിംഗ് റൂം, ഏഴ് ബില്യാർഡ് റൂമുകൾ, ഡ്രായിംഗ് റൂം, ഡൈനിംഗ് റൂം എന്നിങ്ങനെ 150 മുറികൾ ഇവിടെയുണ്ട്. റോബർട്ട് ടോർ കൂസൽ, കാൾ മോൾട്ട്, വോൺ ഹെയിൻസ് എന്നിവരാണ് പാലസിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പത്തേക്കറിൽ വ്യാപിച്ചു കൊടുക്കുന്ന കൊട്ടാരത്തിന്റെ മുറ്റത്ത് നീന്തൽക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.