
തിരുവനന്തപുരം: ഡോ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ സഹപാഠിയും മെഡിക്കൽ കോളേജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന ഡോ. ഇഎ റുവൈസിന്റെ പേരും പങ്കും ആദ്യ ദിവസം പൊലീസ് മറച്ചുവച്ചു. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സ്ത്രീധനത്തെ കുറിച്ച് പരാമർശമുണ്ടായിട്ടും പൊലീസ് ആദ്യ ഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ മുതിർന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് നിലപാട് മാറ്റിയത്. വിവാഹ ആലോചന നടക്കുമ്പോൾ റുവൈസ് വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇത് നൽകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഷഹനയുടെ കുറിപ്പിലുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ഷഹന മരിച്ച ദിവസം തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വഭാവികമായ മരണത്തിന് മാത്രമാണ് കേസെടുത്തത്. സ്ത്രീധന ആരോപണമോ ആർക്കെങ്കിലുമെതിരെ ആരോപണോ ഇല്ലെന്നായിരുന്നു പൊലീസ് വാദം. സ്തീധനത്തെ കുറിച്ച് സഹോദരൻ നൽകിയ മൊഴിയും പൊലീസ് പരിഗണിച്ചില്ല. ചൊവ്വാഴ്ച ഷഹനയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴി എടുത്ത ശേഷമാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായത് ഡോ റുവൈസ് ആണെന്നാണ് പരാതി. ഇയാൾ വിവാഹവാഗ്ദാനം നൽകുകയും സ്ത്രീധനത്തിന്റെ പേരിൽ ഷഹനയെ മാനസിക സംഘഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും വാട്സാപ്പ് ചാറ്റുകളും ഉൾപ്പെടെ വ്യക്തമായ തെളിവുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ പി ഹരിലാൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ആത്മഹത്യാപ്രേരണാകുറ്റം (ഐപിസി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ4 എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിൽ റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രിയാണ് വാടക ഫ്ളാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. റുവൈസിന്റെ പേര് പരാമർശിക്കുന്ന ആത്മഹത്യാകുറിപ്പിൽ സ്ത്രീധനത്തിനുവേണ്ടിയുള്ള പ്രതിയുടെ ആർത്തിയാണ് പ്രകടമാകുന്നത്.