up-police

ഗോരഖ്പൂർ: ഹരിയാന സ്വദേശിയുമായി വിവാഹം കഴിക്കാൻ അമ്മ തന്നെ നാല് ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയെന്ന ആരോപണവുമായി മകൾ. തന്നെ വിവാഹം കഴിച്ച പുരുഷൻ ആക്രമിക്കുകയും മോശം പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്തുവെന്ന് മഹേഷ്രയിൽ നിന്നുള്ള യുവതി ആരോപിക്കുന്നു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് യുവതി ബുധനാഴ്ചയാണ് പൊലീസിനെ സമീപിക്കുന്നത്. ചിലുവാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ ഹരിയാന സ്വദേശിക്ക് വിവാഹം കഴിക്കാൻ അമ്മ നാല് ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നെന്ന് എസ്പി മനോജ് അശ്വതി പറഞ്ഞു. നവംബർ 23 ന് പെൺകുട്ടിയുടെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ ഹരിയാന സ്വദേശി വിവാഹം കഴിച്ചെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രണ്ട് സഹോദരിമാരും ഹരിയാന സ്വദേശികളെയാണ് വിവാഹം കഴിച്ചത്. അതേസമയം, നാല് ലക്ഷം രൂപയ്ക്ക് മകളെ വിൽപന നടത്തിയെന്ന ആരോപണം അമ്മയും കുടുംബവും നിഷേധിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മാസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ ഒരു അമ്മ കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് വിൽപന നടത്തിയിരുന്നു. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ വിൽപന നടത്തിയത്. സംഭവത്തിൽ ഐപിസി 317, 370, 72, 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾക്കൊപ്പം ജുവനൈൽ ജസ്റ്റിസുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.