
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ. ഇന്ന് പുലർച്ചെ എരവള്ളിയിലെ ഫാം ഹൗസിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോക്ടർമാർ ഉടൻ തീരുമാനമെടുക്കും എന്നാണ് സൂചന.
തെലങ്കാന നിയമസഭയിൽ ബിആർഎസ് അധികാരത്തിൽ നിന്ന് പുറത്തായതിനെത്തുടർന്ന് അടുത്തിടെയാണ് കെസിആർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ രേവന്ത് റെഡ്ഡി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സാധാരണക്കാരും തടിച്ചുകൂടിയ ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.