pinarayi-vijayan

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദേശം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയും മകളും അടക്കം 12 പേർക്കെതിരെ നോട്ടീസ് അയക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്.

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌ർജിയിലാണ് കോടതിയുടെ നിർണായക നീക്കം. കേസിൽ സ്വമേധയാ കോടതി കക്ഷി ചേർന്നു.

ഹർജിയിൽ എല്ലാവരെയും കേൾക്കണമെന്നും എതിർകക്ഷികകളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌ർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹ‌ർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആദായനികുതി സെറ്റിൽമെന്റ് ബോ‌‌ർഡിന്റെ രേഖയിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കളമശേരി സ്വദേശിയായ ഗിരീഷ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലായിരുന്നു ആദ്യം ഹർജി നൽകിയത്. എന്നാലിത് തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടർന്ന് കേസ് നിലനിൽക്കുമോയെന്ന് പരിശോധിക്കുന്നതിനായി കോടതി അമികസ്‌ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാമെന്ന് അമികസ്‌ക്യൂരി അറിയിച്ചതിനെത്തുടർന്നാണ് കോടതി നോട്ടീസ് അയയ്ക്കാൻ നിർദേശം നൽകിയത്. കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) കമ്പനിയിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചതെന്നാണ് കണ്ടെത്തൽ.