
കേരള സർക്കാർ ജീവനക്കാരുടെയും ഉദ്യോഗാർത്ഥികളുടെയും കേസുകൾ അതിവേഗം തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2011 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ 13-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. മറ്റു കോടതികൾക്കും ട്രൈബ്യൂണലുകൾക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടവുമായാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പ്രവർത്തന മികവിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പന്ത്രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ 53,000-ത്തിലധികം കേസുകൾക്കാണ് തീർപ്പുണ്ടാക്കാനായി എന്നത്, നിലവിലുള്ള പരമ്പരാഗത കോടതി സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചരിത്രനേട്ടം തന്നെ.
സർക്കാർ ജീവനക്കാരുടെ സർവ്വീസിലെ മുഖ്യ തർക്ക വിഷങ്ങളായ ട്രാൻസ്ഫർ, പ്രൊമോഷൻ, സീനിയോറിട്ടി, സസ്‌പെൻഷൻ, മറ്റ് അച്ചടക്ക നടപടികൾ തുടങ്ങിയവയുമായും, പി.എസ്.സി വഴിയും അല്ലാതെയും സർക്കാർ സർവ്വീസിലേക്കുള്ള നിയമനങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ (നിയമനം, നിയമന ശുപാർശ, ഒഴിവ് നികത്തൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യൽ, പരീക്ഷ നടത്തിപ്പിലെ ന്യൂനതകൾ തുടങ്ങിയവ) ട്രൈബ്യൂണലിന്റെ പരിഗണനയിൽ വരുന്ന വിഷയങ്ങളാണ്. എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേനയും അല്ലാതെയുമുള്ള താത്കാലിക ജീവനക്കാരുടെ നിയമനവും തർക്കങ്ങളും കൂടി ട്രൈബ്യൂണലിന്റെ അധികാരപരിധിയിൽ ഉൾപ്പെടും.
ഭരണഘടനയുടെ 323- എ അനുച്ഛേദത്തിൽ നിർദ്ദേശിക്കുന്ന അധികാരമുപയോഗിച്ച് 1985-ലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിയമത്തിനു കീഴിൽ കേന്ദ്ര സർക്കാർ 2010 ആഗസ്റ്റ് 26- ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടത്. 2011 ഡിസംബർ 22ന് ട്രൈബ്യൂണലിൽ കേസുകൾ പരിഗണിച്ചു തുടങ്ങി. തുടക്കത്തിൽ തിരുവനന്തപുരത്ത് ഒരു ബെഞ്ച് മാത്രമായി പ്രവർത്തനം തുടങ്ങിയ ട്രൈബ്യൂണലിന് ഇപ്പോൾ തിരുവനന്തപുരത്തെ പ്രിൻസിപ്പൽ ബെഞ്ചിനു പുറമെ, തിരുവനന്തപുരത്തും എറണാകുളത്തും ഓരോ അഡിഷണൽ ബെഞ്ചുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്.
കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതും അവിടെ കൈകാര്യം ചെയ്തിരുന്നതുമായ സർവ്വീസ് കേസുകളുമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
കേരള ഹൈകോടതി ജഡ്ജിയും ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന സി.കെ. അബ്ദ്ദുൾ റഹീം ചെയർമാനായും മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി ആശ, ഹൈക്കോടതി അഭിഭാഷകയായിരുന്ന എം. ആർ. ശ്രീലത എന്നിവർ ജുഡിഷ്യൽ അംഗങ്ങളായും പ്രദീപ്കുമാർ ഐ.എ.എസ്, പി.കെ. കേശവൻ ഐ.എഫ്.എസ് എന്നിവർ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളുമായാണ് ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ പ്രവർത്തനം. കേരള ഹൈക്കോടതിയിൽ നിന്ന് മുൻകാലങ്ങളിൽ വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് കെ. ബാലക്യഷ്ണൻ നായർ, ജസ്റ്റിസ് ടി.ആർ രാമചന്ദ്രൻ നായർ എന്നിവരായിരുന്നു മുൻ ചെയർമാൻമാർ.
ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുവാനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്. തിരുവനന്തപുരം പ്രിൻസിപ്പൽ ബെഞ്ചിൽ ഹർജികൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാണ് സ്വീകരിക്കുന്നത്. കിയോസ്‌ക്, ഡിസ്‌പ്ലേ ബോർഡുകൾ, കേസുകളുടെ സ്ഥിതി അറിയുവാനുള്ള വൈബ്‌സൈറ്റ് എന്നിവ നിലവിലുണ്ട്. തിരുവനന്തപുരത്ത് ആറും എറണാകുളത്ത് അഞ്ചും ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ ട്രൈബ്യൂണലിനായി നിമയിച്ചിട്ടുള്ളത്. പബ്ലിക്ക് സർവ്വീസ് കമ്മിഷന് പ്രത്യേകം ലീഗൽ റീറ്റെയിനർമാരെ രണ്ടു ബെഞ്ചുകളിലും നിയമിച്ചിട്ടുണ്ട്. ബെഞ്ചിന്റേയും അഭിഭാഷകരുടെയും ജീവനക്കാരുടെയും മികച്ച സേവന സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ആദ്യം പറഞ്ഞ ചരിത്രനേട്ടം കൈവരിക്കാൻ ട്രൈബ്യൂണലിനെ പ്രാപ്തരാക്കിയത്.