
ചായയും കോഫിയുമൊന്നും ഇഷ്ടമില്ലാത്ത ഇന്ത്യക്കാർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് മലയാളികൾക്ക് ഒരുനേരമെങ്കിലും ഇവയിൽ ഏതെങ്കിലുമൊന്ന് നിർബന്ധമായിരിക്കും. ചായയോ കോഫിയോ കുടിച്ചില്ലെങ്കിൽ അന്നേ ദിവസം മൂഡ് പോകുന്നവരും തലവേദന അനുഭവിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. അത്തരം ചായ, കോഫി പ്രേമികൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റമുണ്ട്. കാപ്പുച്ചിനോ. വലിയ വലിയ കോഫി ഷോപ്പുകളിൽ മാത്രം ലഭിക്കുന്ന ഈ വിലകൂടിയ ഡ്രിങ്ക് വീട്ടിൽ തയ്യാറാക്കിയാലോ?
ആദ്യം ഒരു കപ്പിൽ ഒരു ചെറിയ പാക്കറ്റ് കോഫി പൗഡർ എടുക്കണം (അഞ്ച് രൂപയുടെ ഒരു ചെറിയ പാക്കറ്റ് മതിയാവും). ഇതിലേയ്ക്ക് മൂന്ന് ടേബിൾ സ്‌പൂൺ പഞ്ചസാര ചേർത്തുകൊടുത്തിട്ട് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്യണം. ഇനി ഇതിലേയ്ക്ക് അര ടീസ്‌പൂൺ വെള്ളം ചേർത്തിട്ട് വീണ്ടും നല്ലതുപോലെ മിക്‌സ് ചെയ്യണം. വീണ്ടും അര സ്‌പൂൺ വെള്ളം ചേർത്ത് നന്നായി മിക്‌സ് ചെയ്യണം. മിശ്രിതത്തിന്റെ നിറം മാറി ലൈറ്റ് ബ്രൗൺ ആകുന്നത് കാണാം. നല്ല ക്രീം പരുവം എത്തുന്നതുവരെ മിക്‌സ് ചെയ്യണം. വെള്ളം കൂടിപോയാൽ ക്രീമി ആയി കിട്ടില്ല. വെള്ളത്തിന് പകരം പാലും ഉപയോഗിക്കാവുന്നതാണ്.
അടുത്തതായി ഒരു കപ്പിൽ നല്ല ചൂട് പാൽ എടുക്കണം. ശേഷം നേരത്തെ തയ്യാറാക്കിയ കോഫി മിശ്രിതം പാലിൽ ചേർത്ത് നന്നായി യോജിപ്പിക്കണം. നല്ല ക്രീമിയായ കാപ്പുച്ചിനോ റെഡിയായി.