cough

ന്യൂഡൽഹി:ഇന്ത്യൻ ചുമ മരുന്നുകൾക്ക് ഗുണനിലവാരം ഇല്ലെന്ന് വിദേശത്തടക്കം ആക്ഷേപം ഉയർന്നതോടെ,​ ഈ മരുന്നുകളുടെ പ്രധാന രാസ ഘടകമായ പ്രൊപ്പിലിൻ ഗ്ലൈക്കോളിന്റെ നിർമ്മാതാക്കളും വിതരണക്കാരും കേന്ദ്രസർക്കാരിന്റെ കർശന നിരീക്ഷണത്തിൽ. അതേസമയം, രാജ്യത്തെ 54 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കഫ് സിറപ്പുകൾക്ക് നിശ്ചിത ഗുണനിലവാരം ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

പ്രൊപ്പിലിൻ ഗ്ലൈക്കോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. ഈ രാസവസ്തു ഉൽപ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിരീക്ഷിക്കണമെന്നും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർ‌‌‌ഡ് കൺട്രോൾ ഓർഗനൈസേഷൻ മേധാവിയായ ഡഗ്സ് കൺടോളർ ജനറലിന്റെ കത്തിൽ നിർദ്ദേശമുണ്ട്. വ്യവസായ നിലവാരത്തിലുള്ള പ്രൊപ്പിലിൻ ഗ്ലൈക്കോൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കും. സോണൽ, സബ്സോണൽ ഡ്രഗ് ഇൻസ്പെക്ടർമാർക്കാണ് പരിശോധനാ ചുമതല.

പ്രൊപ്പിലിൻ ഗ്ലൈക്കോളിനൊപ്പം ഡൈ ഈഥൈൽ ഗ്ലൈക്കോളും ഈഥൈൽ ഗ്ലൈക്കോളും കഫ് സിറപ്പുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇവ നിലവാരം കുറഞ്ഞതാണെങ്കിലും, അളവിൽ കൂടുതൽ ഉപയോഗിച്ചാലും കഫ് സിറപ്പ് വിഷമായി മാറും. വൃക്ക തകരാറ് മുതൽ മരണം വരെ സംഭവിക്കാം.

ഗാംബിയ, ഉസ്ബെക്കിസ്ഥാൻ, മാർഷൽ ഐലൻഡ്സ്, മൈക്രോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിലവാരമില്ലാത്ത ഇന്ത്യൻ ചുമ മരുന്നുകൾ ഉപയോഗിച്ച കുട്ടികൾ ഉൾപ്പെടെ മരണമടഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരെ മുന്നറിയിപ്പും നൽകി. ഇതോടെ എല്ലാ കമ്പനികളും കഫ് സിറപ്പുകൾ കയറ്റുമതിക്ക് മുമ്പ് സർക്കാർ ലാബുകളിൽ പരിശോധിച്ച് നിലവാരം ഉറപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.

54 ഫാർമ കമ്പനികൾ വലയിൽ

ഈ വർഷം ഒക്ടോബർ വരെ പരിശോധിച്ച 54 കമ്പനികളുടെ സാമ്പിളുകളിൽ 6 ശതമാനം നിലവാരം ഇല്ലാത്തതാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർ‌‌‌ഡ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഉത്തർ പ്രദേശ്, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ ലാബുകളിൽ പരിശോധിച്ച 2,014സാമ്പിളുകളിൽ 128 എണ്ണമാണ് നിലവാരമില്ലാത്തതായി കണ്ടത്. കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഗോഹട്ടി തുടങ്ങി വിവിധ സംസ്ഥാന ലാബുകളിലും പരിശോധനയുണ്ട്.

2022 ഒക്‌ടോബറിൽ ഹരിയാനയിലെ മെയ്ഡൻ ഫാർമയുടെ നാല് കഫ് സിറപ്പുകൾ കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ചു.

2022 ഡിസംബറിൽ നൊയ്ഡയിലെ മരിയോൺ ബയോടെക് കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചു.