repo
പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

കൊച്ചി: തുടർച്ചയായ അഞ്ചാം ധന അവലാേകന നയത്തിലും മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. രാജ്യം മികച്ച സാമ്പത്തിക വളർച്ച നേടുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിക്കുന്നത്. ഇതോടെ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയയറ്റം ഇപ്പോഴും കടുത്ത ഭീഷണിയായി തുടരുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഏഴ് ശതമാനം വളർച്ചയുണ്ടാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നേരത്തെ വളർച്ചാ നിരക്ക് 6.5 ശതമാനമെന്നാണ് പ്രവചിച്ചിരുന്നത്. നാണയപ്പെരുപ്പ കണക്കുകളിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ.

അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികൾക്ക് റിസർവ് ബാങ്ക് എതിരാണെന്നാണ് ഇത്തവണത്തെ ധന നയം സൂചിപ്പിക്കുന്നതെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ സുരേഷ് ഗോപിനാഥൻ പറഞ്ഞു.

കൊവിഡ് രോഗബാധയും ഉക്രെയിൻ യുദ്ധവും മൂലം അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നാണയപ്പെരുപ്പം നേരിടുന്നതിനാണ് റിസർവ് ബാങ്ക് കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം തുടർച്ചയായി മുഖ്യ പലിശ നിരക്കായ റിപ്പോ ആറു തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയത്. ഇതോടെ ഒന്നര വർഷത്തിനിടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധനയാണുണ്ടായത്.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാനായി പലിശ നിരക്ക് കുറയ്ക്കാനുള്ള ആലോചനയിലാണ്. എങ്കിലും ഇക്കാര്യത്തിൽ റിസർവ് ബാങ്ക് വേറിട്ട നിലപാട് സ്വീകരിക്കുന്നതിനാണ് സാദ്ധ്യത.

ഭവന വായ്പാ ഉപഭോക്താക്കൾക്ക് നിരാശ

നാണയപ്പെരുപ്പം നിയന്ത്രണവിധേയമായതിനാൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭവന വായ്പാ ഉപഭോക്താക്കൾ. ഒന്നര വർഷത്തിനിടെ ഭവന വായ്പകളുടെ പലിശ മൂന്ന് ശതമാനത്തിന് അടുത്ത് കൂടിയതിനാൽ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ ലക്ഷം രൂപയ്ക്ക് 200 രൂപ വരെ ഉയർന്നിരുന്നു.