
കൊച്ചി: ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽ പ്രതിവർഷം 17 ശതമാനം വർദ്ധന വരുത്താൻ ജീവനക്കാരുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയനും ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനും ധാരണയിലെത്തി. അതേസമയം പ്രതിവാര പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറച്ചാൽ മാത്രമേ കരാറിൽ ഒപ്പിടാൻ കഴിയൂവെന്ന് യൂണിയനുകൾ വ്യക്തമാക്കി. 2022 നവംബർ ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് വർദ്ധന നടപ്പാക്കുന്നത്. കഴിഞ്ഞ തവണ 15 ശതമാനം വർദ്ധനയാണ് പ്രഖ്യാപിച്ചിരുന്നത്. എസ്. ബി. ഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾക്ക് 12,499 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 1986 മുതൽ വിരമിച്ചവർക്കെല്ലാം എക്സ്ഗ്രേഷ്യയായി അധിക പെൻഷൻ അനുവദിക്കും.
സി. ബി. സ്വാമിനാഥനെ പി.എസ്.സി
അംഗമാക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: പി.എസ്.സി അംഗമായി തൃശൂർ അന്നമനട സ്വദേശി അഡ്വ. സി.ബി. സ്വാമിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. സി.പി.ഐ പ്രതിനിധിയാണ് സ്വാമിനാഥൻ.
ചന്ദ്രശേരി വീട്ടിൽ ഭാസ്കരന്റെയും അമ്മിണിയുടെയും മകനാണ്. ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ സെക്രട്ടറിമാരിൽ ഒരാളുമാണ്. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റും സി.പി.ഐ മുൻ ജില്ലാ കൗൺസിലംഗവുമാണ്.