kaanam-rajendran

തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധിക്കായി കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വാര്‍ത്തയാണ് മരണ ദിവസം രാവിലെ പുറത്ത് വന്നത്. താന്‍ അവധിയെടുക്കുന്ന സമയത്ത് പാര്‍ട്ടിയെ നയിക്കാന്‍ പകരക്കാരനായി ബിനോയ് വിശ്വത്തെ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അവധി അപേക്ഷയിലും പകരക്കാരനാരെന്ന കാര്യത്തിലും ഈ മാസം 16,17 തിയതികളില്‍ ദേശീയ നിര്‍വാഹകസമിതി കൂടി തീരുമാനമെടുക്കാനിരിക്കെയാണ് കാനത്തിന്റെ ആകസ്മികമായ മരണവാര്‍ത്തയെത്തുന്നത്.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന് നല്‍കിയ അവധി അപേക്ഷയിലാണ് പകരക്കാരനെ നിര്‍ദ്ദേശിച്ചത്. മൂന്നു മാസത്തെ അവധിയാണ് കാനം ചോദിച്ചത്. പകരം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന് ചുമതല നല്‍കണം എന്നും കാനം ആവശ്യപ്പെട്ടു. കാനം രാജേന്ദ്രന്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുണ്ടെങ്കിലും അത് തള്ളി കാനം തന്നെ രംഗത്ത് വിന്നിരുന്നു. ഒരു പകരം സംവിധാനം ഉണ്ടാകും താന്‍ മാറി നില്‍ക്കുന്ന ഘട്ടത്തിലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചികിത്സയും രോഗാവസ്ഥയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോഴും പ്രമേഹം കാരണം ഉണ്ടായ ചില ബുദ്ധിമുട്ടുകള്‍ എന്നതിലുപരി അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്ന തരത്തില്‍ ക്ഷീണിതനാണെന്ന് ഒരു ഘട്ടത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേരള രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലുണ്ടാക്കുന്നുണ്ട്. മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ വാക്കുകള്‍ അതിന് ഉദാഹരണം.

കാനത്തിന്റെ അഭാവത്തില്‍ നയപരമായ കാര്യങ്ങളിലോ വിവാദ വിഷയങ്ങളിലോ സിപിഐയുടെ പ്രതികരണങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി പുറത്ത് വരുന്നില്ല. കാര്യങ്ങള്‍ കൃത്യമായി പഠിച്ച് കുറിക്ക് കൊള്ളുന്ന പ്രതികരണങ്ങള്‍ നടത്താനും അതില്‍ തന്നെ മാദ്ധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ അപകടമുണ്ടാകാതെ സാഹചര്യം കൈകാര്യം ചെയ്യാനും പ്രത്യേക മെയ്വഴക്കമുണ്ടായിരുന്നു കാനത്തിന്. പകരക്കാരനെ നിര്‍ദേശിച്ച് വിടവാങ്ങുമ്പോഴും കാനത്തിന് പകരക്കാരനെ കണ്ടെത്തുക സിപിഐക്ക് അത്രകണ്ട് എളുപ്പമാകില്ല.