
തിരുവനന്തപുരം: കാനം രാജേന്ദ്രന്‍ ആരോഗ്യസ്ഥിതി മോശമായി പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുന്ന ഘട്ടത്തില്‍ നയപരമായ കാര്യങ്ങളിലോ വിവാദ വിഷയങ്ങളിലോ സിപിഐയുടെ പ്രതികരണങ്ങളുണ്ടായിട്ടില്ല. ഏതൊരു വിഷയത്തേയും കൃത്യമായി പഠിച്ച് പ്രതികരണങ്ങളില്‍ അത് പ്രതിഫലിപ്പിക്കാന്‍ പ്രത്യേക സാമര്‍ത്ഥ്യമുണ്ടായിരുന്നു കാനത്തിന്. പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ കൃത്യതയും വ്യക്തതയും വരുത്തിയിട്ടുണ്ടാകും കാനം. പ്രതികരണങ്ങളില്‍ മാത്രമല്ല രാഷ്ട്രീയപരമായി പാര്‍ട്ടിയുടെ ഭാവി എങ്ങനെയായിരിക്കണം എന്നതിലും കാനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.
2020ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിപ്രവേശം സിപിഐയുടെ ഭാവിയേയും ഒപ്പം എല്‍ഡിഎഫിലെ രണ്ടാം കക്ഷിയെന്ന സ്ഥാനത്തിനും ഇളക്കം തട്ടിയേക്കുമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ സംസ്ഥാനത്ത് സജീവമായിരുന്നു. യുഡിഎഫിന്റെ സ്ഥാപക നേതാക്കളിലൊരാളുടെ പാര്‍ട്ടി ഇടത്പക്ഷത്തേക്ക് എത്തുമ്പോള്‍ അത്തരം നിരീക്ഷണങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും കൃത്യമായ നിലപാടിലൂടെ മറുപടി നല്‍കാനും ഒപ്പം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനും കാനം ശ്രദ്ധിച്ചിരുന്നു.
കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയിലെത്തിയാല്‍ സിപിഐക്ക് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി മുന്നണിക്കുള്ളിലെ പാര്‍ട്ടിയുടെ അന്തസ്സ് നിലനിര്‍ത്താന്‍ കാനത്തിന് കഴിഞ്ഞിരുന്നു. മുന്നണി സംവിധാനത്തിലും ഒപ്പം പാര്‍ലമെന്ററി രാഷ്ട്രീയത്തിലും സിപിഐക്ക് കോട്ടം സംഭവിക്കാതിരുന്നതിന് പിന്നില്‍ കാനത്തിന്റെ നിലപാടുകളാണ്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം യാഥാര്‍ത്ഥ്യമാക്കാന്‍ കാനത്തെ അനുനയിപ്പിക്കേണ്ടി വന്നു സിപിഎമ്മിന്.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാകാമെന്ന പ്രതീക്ഷയില്‍ ആരും വരേണ്ടതില്ലെന്ന് ജോസ് കെ മാണിയോട് വെട്ടിത്തുറന്ന് പറയാനും കാനം മടിച്ചില്ല. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് 1982ല്‍ ആദ്യമായി നിയമസഭയിലെത്തിയത്. ഈ വ്യക്തിബന്ധത്തേക്കൂടി ആശ്രയിച്ചാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തില്‍ സിപിഐയുടെ പച്ചക്കൊടി നേടിയെടുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞത്.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണി നേടിയ വലിയ വിജയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പങ്ക് സിപിഐക്ക് താഴെയാണെന്ന് പരസ്യമായി പറയാനും തുടര്‍ഭരണത്തിന്റെ ക്രെഡിറ്റ് കേരള കോണ്‍ഗ്രസിന് നല്‍കേണ്ട കാര്യമില്ലെന്നും തുറന്ന് പറയാന്‍ കാനം ധൈര്യം കാണിച്ചു. നയപരമായി എതിര്‍പ്പുള്ള വിഷയങ്ങളില്‍ സിപിഎമ്മിനെ തുറന്ന് വിമര്‍ശിക്കുന്ന സിപിഐ ശൈലി കാനത്തിന് ഇല്ലെന്നും അഡ്ജസ്റ്റ്‌മെന്റുകള്‍ നടക്കുന്നുവെന്ന പ്രചാരണങ്ങളുടേയും മുന കാനം കൃത്യമായി ഒടിക്കുന്നതാണ് 2021ല്‍ കാണാനായത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നപ്പോള്‍ മുതല്‍ പാര്‍ട്ടിക്ക് നഷ്ടം വരാതിരിക്കാന്‍ കാനം രാജേന്ദ്രന്റെ നേതൃത്വം സിപിഐക്ക് സഹായകമായിരുന്നു. തങ്ങളുടെ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് കാനം തറപ്പിച്ച് പറഞ്ഞപ്പോള്‍ ഒടുവില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത് സിപിഎമ്മിനാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മന്ത്രിസഭാ രൂപീകരണത്തിലും പാര്‍ട്ടിക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ കാനത്തിന്റെ നിലപാടുകള്‍ നിര്‍ണായക പങ്ക് വഹിച്ചു. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമെന്ന സ്റ്റാറ്റസ് കോ നിലനിര്‍ത്താന്‍ രണ്ടാം പിണറായി സര്‍ക്കാരിലും സിപിഐക്ക് കഴിഞ്ഞിരുന്നു.
കാനം രാജേന്ദ്രന്റെ മരണം സൃഷ്ടിച്ച ഒഴിവ് നികത്തുക സിപിഐക്ക് ഒരു രീതിയിലും എളുപ്പമാകില്ല. മുന്നണിയുടെ തുടര്‍ജയങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും സിപിഎമ്മിന് ഒറ്റയ്ക്ക് പല വിഷയങ്ങളിലും തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ കഴിയാതിരുന്നതിന്റെ കാരണക്കാരന്‍ കാനം രാജേന്ദ്രന്‍ ആയിരുന്നു. ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് മുന്നോട്ടുപോകാനുള്ള പല തീരുമാനങ്ങളേയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ കാനം രാജേന്ദ്രന് പിന്‍ഗാമിയെ കണ്ടെത്തേണ്ടി വരുമ്പോള്‍ സിപിഐക്ക് കാര്യങ്ങള്‍ ഇരുത്തിയാലോചിക്കേണ്ടി വരും എന്നതില്‍ സംശയമില്ല.