
വടകര: കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന (30) തിങ്കളാഴ്ച രാത്രി ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹികപീഡനത്തെ തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഭർത്തൃമാതാവിന്റെയും സഹോദരിയുടെയും നിരന്തരപീഡനമാണ് കാരണമെന്ന് ഷബ്നയുടെ ബന്ധുക്കൾ ആരോപിച്ചു.
പത്തുവർഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. ഭർത്തൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഷബ്ന അവിടെത്തന്നെ തുടർന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാൻ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
ഷബ്ന മരിച്ച ദിവസം ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് ഷബ്നയെ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു. ഷബ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടച്ചേരി പൊലീസിൽ പരാതി നൽകി. പുറത്തുവിട്ട ദൃശ്യത്തിലുണ്ടായിരുന്ന ഭർത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അരൂർ കുനിയിൽ പുളിയംവീട്ടിൽ അഹമ്മദ്, മറിയം ദമ്പതികളുടെ മകളാണ് ഷബ്ന.
മകൾ: ഹന. സഹോദരങ്ങൾ: സഹല, സെൻഹ.