
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നൽകിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതൽ ആവശ്യപ്പെടുന്ന കാലത്താണ് അദ്ദേഹം നമ്മെ വിട്ടുപിരിയുന്നത്. ഇടതുപക്ഷത്തിനെതിരായ വിമർശനങ്ങളെ ശക്തമായി നേരിടുന്നതിൽ കാനം മുൻപന്തിയിൽ ഉണ്ടായിരുന്നു.
പ്രതികൂല സാഹചര്യങ്ങൾ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വപരമായ പങ്ക് അദ്ദേഹം നിർവ്വഹിച്ചു. ഒരു ആയുസ് മുഴുവൻ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച നേതാവാണ് വിടപറയുന്നത്.
''കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗം. പൊതുപ്രവർത്തന രംഗത്ത് എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കാനത്തിന് സാധിച്ചു.
-വി.മുരളീധരൻ, കേന്ദ്രമന്ത്രി
''കാനത്തിന്റേത് അപ്രതീക്ഷിത വിയോഗം. ഇടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റായി ജീവിച്ച നേതാവ്.
-സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി
''നന്മ നിറഞ്ഞ മനസുള്ള നേതാവും എല്ലാവരുമായി സൗഹൃദം പുലർത്തുകയും ചെയ്ത ഉത്തമ സുഹൃത്തിനെയാണ് നഷ്ടമായത്.
-പി.ജെ ജോസഫ്,
കേരള കോൺഗ്രസ് ചെയർമാൻ
''ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു.
-വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
''കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രകടമുഖമായിരുന്നു കാനം. പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കുമ്പോഴും വിശാല മാനവികത മറക്കാത്ത വ്യക്തിത്വമായിരുന്നു.
-സി.വി. ആനന്ദബോസ്,
പശ്ചിമ ബംഗാൾ ഗവർണർ
''സമുന്നതനായ പൊതുപ്രവർത്തകനെന്ന നിലയ്ക്കുള്ള കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരം.
-മന്ത്രി ഡോ.ആർ.ബിന്ദു
''നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുള്ള ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു കാനം. സി.പി.ഐയുടെ ജനകീയ മുഖമായിരുന്നു.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
''ആധുനിക തൊഴിൽ ഇടങ്ങളിലടക്കം സംഘടനാശേഷി വ്യാപിപ്പിച്ചത് കാനത്തിന്റെ നേതൃത്വ മികവാണ്.
-കൊടിക്കുന്നിൽ സുരേഷ് എം.പി
''കാനം രാജേന്ദ്രൻ ഇടതുമുന്നണിയ്ക്ക് ഒരു ബലമായിരുന്നു. കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്.
-എ.എൻ.ഷംസീർ, സ്പീക്കർ
''പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാനും മടി കാണിച്ചിരുന്നില്ല.
-രമേശ് ചെന്നിത്തല
''ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം അനിവാര്യമായിരിക്കുമ്പോൾ കാനത്തിന്റെ നഷ്ടം വളരെ വലുതാണ്.
-കടന്നപ്പള്ളി രാമചന്ദ്രൻ
''പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നപ്പോഴും കാനം പാലിച്ച സംയമനവും എതിർപക്ഷ ബഹുമാനവും ശ്രദ്ധേയമായിരുന്നു.
-വി.എം.സുധീരൻ
''ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാവായിരുന്നു കാനം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് കാനം നൽകിയ സംഭാവന വളരെ വലുതാണ്.
-മന്ത്രി വീണാ ജോർജ്
'' കഴിവുറ്റ നേതാവും പ്രിയപ്പെട്ട സഹോദരനുമായിരുന്നു കാനം രാജേന്ദ്രൻ. വേർപാട് എല്ലാ അർത്ഥത്തിലും നികത്താനാവാത്തതാണ്. പാർട്ടിയേയും എൽ.ഡി.എഫിനേയും ശക്തിപ്പെടുത്തുന്നതിൽ കാനം വഹിച്ച പങ്ക് കേരളം ഒരിക്കലും മറക്കില്ല.
-ബിനോയ് വിശ്വം എം.പി,
സി.പി.ഐ ദേശീയ സെക്രട്ടറി
'' കറകളഞ്ഞ കമ്മ്യൂണിസ്റ്റും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ നായകനുമായിരുന്നു കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന നേതാവായിരുന്നു.
-ജോയിന്റ് കൗൺസിൽ
''രാഷ്ട്രീയത്തിന് അതീതമായി ജനകീയനായ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു കാനം.
-സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി
''തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സമര സഖാവായിരുന്നു കാനം. തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിരയിൽ നിലകൊണ്ടു.
-മന്ത്രി വി.ശിവൻകുട്ടി
''ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്നു വ്യതിചലിക്കാതെ പക്വതയോടെ പാർട്ടിയെ നയിച്ച ആദർശധീരനായിരുന്നു കാനം.
-അഡ്വ.എ.എൻ. രാജൻ ബാബു,
ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി
''അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. നിയമസഭയിൽ ഒരുമിച്ചാണ് എത്തിയത്. അന്നുമുതലുള്ള സൗഹൃദം എല്ലാക്കാലത്തും നിലനിന്നിരുന്നു.
-പി.കെ.കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗ് ദേശീയ
ജനറൽ സെക്രട്ടറി
'' കാനം രാജേന്ദ്രന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.
-വി.കെ.അശോകൻ,
എസ്.ആർ.പി ജനറൽ സെക്രട്ടറി