
പുതിയ വീട് എന്നത് എല്ലാവർക്കും ഒരു സ്വപ്‌നമാണ്. എങ്ങനെ ഏത് രീതിയിൽ നിർമ്മിക്കണം എന്നതാവും വീടുണ്ടാക്കാൻ തീരുമാനിക്കുമ്പോഴുള്ള ചിന്ത. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് പലരും ഒരു വീട് നിർമ്മിക്കുന്നത്. ഇടത്തരവും ആർഭാടമുള്ളതായും വീടുകളുണ്ട്. ഒരു ശരാശരിക്കാരനും സമ്പന്നനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് വീട് നിർമ്മാണത്തിൽ.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വീടുകളുടെ കണക്കുകളാണ് ഇനി പറഞ്ഞുവരുന്നത്. മുകേഷ് അംബാനിയുടെ അന്റീലിയ, അബോഡ്, മന്നത്,വിജയ് മല്ല്യ തുടങ്ങിയ നീണ്ട ലിസ്റ്റിലുള്ളവരുടേതാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 വീടുകൾ. ഇവയുടെ പ്രത്യേകതകളറിയാം.
1. മുകേഷ് അംബാനിയുടെ അന്റീലിയ
മുകേഷ് അംബാനിയുടെ സൗത്ത് മുംബയിലുള്ള അന്റീലിയ എന്ന സൗധമാണ് ലോകത്തിലെത്തന്നെ ഏറ്റവും വില കൂടിയ വീട്. ഇതിന്റെ വില 10,000 കോടി രൂപയാണ്. 400,000 സ്വകയർഫീറ്റാണ് അന്റീലിയയുടെ വിസ്‌തൃതി.
മുംബയ്‌യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആന്റിലിയ ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമായാണ് വിലയിരുത്തപ്പെടുന്നത്. 27 നിലകളുള്ള ഈ അംബരചുംബി 9 ഹൈ സ്പീഡ് എലിവേറ്ററുകൾ, 3 ഹെലിപാഡുകൾ, ഐസ്ക്രീം പാർലർ, സിനിമാ തിയേറ്റർ, സലൂൺ, ജിം തുടങ്ങിയവ ഉൾപ്പെടെ നിരവധി ആഡംബര സൗകര്യങ്ങളുള്ളതാണ്.
ആന്റിലിയ ഒരു ആഡംബര മന്ദിരം മാത്രമല്ല; എൻജിനീയറിംഗ് ഒരു അത്ഭുതം കൂടിയാണിത്. പ്രശസ്ത ചിക്കാഗോ ആർക്കിടെക്റ്റ് വില്യം പെർകിൻസ് രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിന് റിക്ടർ സ്കെയിലിൽ 8 തീവ്രതയുള്ള ഭൂകമ്പങ്ങളെ അതിജീവിക്കാൻ കഴിയും.
2. ജെ. കെ ഹൗസ്
ഗൗതം സിംഘാനിയയുടെ ഉടമസ്ഥതയിലുള്ള ഈ വീടിന്റെ മൂല്യം 6000 കോടി രൂപയാണ്. 145 മീറ്ററാണ് വീടിന്റെ ഉയരം, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ സ്വകാര്യ കെട്ടിടമാണിത്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും രണ്ട് നീന്തൽക്കുളങ്ങളും അഞ്ച് നിലകളുള്ള റിസർവ്ഡ് പാർക്കിംഗും ഉൾക്കൊള്ളുന്ന 30 നിലകളുള്ള കെട്ടിടമാണ് ജെ. കെ ഹൗസ്. ഹെലിപാഡ്, സ്പാ, ജിം എന്നിവയുമുണ്ട്.
3. മന്നത്ത്
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള മന്നത്ത് 27,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. സൂപ്പർതാരത്തിന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം കിടപ്പുമുറികൾ, ലൈബ്രറി, ജിം, സ്വകാര്യ ഓഡിറ്റോറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ മാളികയിൽ ഉണ്ട്.
4. അബോഡ്
അനിൽ അംബാനിയുടെ മുംബയിലുള്ള ഔദ്യോഗിക വസതിയാണ് അബോഡ്. 16,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ വസതിക്ക് 5000 കോടി രൂപ വിലമതിക്കും. ഹെൽത്ത് ക്ലബ്, സ്വകാര്യ ക്ഷേത്രം, 160ലധികം കാറുകൾ ഉൾക്കൊള്ളുന്ന ആകർഷകമായ ഗാരേജ് എന്നിവയാണ് ഈ വസതിയുടെ പ്രത്യേകതകൾ. സമുദ്രനിരപ്പിൽ നിന്ന് 70 മീറ്റർ ഉയരത്തിലുള്ള വീട് ഗ്ലാസ് ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
5. ജൽസ
മുംബൈയിൽ സ്ഥിതി ചെയ്യുന്ന ജൽസ, ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ പ്രിയപ്പെട്ട വസതി എന്ന നിലയിൽ പ്രശസ്തമാണ്. 160 കോടി രൂപ വിലമതിക്കുന്ന ജൽസ ആഡംബരത്തിന്റെ പ്രതീകമാണ്. 10,125 ചതുരശ്ര അടി വിസ്തീർണമുള്ള അതിമനോഹരമായ ലിവിംഗ് സ്പേസ്, വ്യത്യസ്ത കലാരൂപങ്ങളും അപൂർവ വസ്തുക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ഇതിനെ വേറിട്ടു നിർത്തുന്നു. വിശാലമായ ടെറസ് ഗാർഡൻ, ജിം, ഹോം തിയേറ്റർ, പൂജാമുറി എന്നിവയെല്ലാം ഈ വീട്ടിലുണ്ട്.
6. ജട്ടിയ ഹൗസ്
മുംബയിലെ ജട്ടിയ ഹൗസ്, ജട്ടിയ കുടുംബത്തിന്റേതാണ്. 425 കോടി രൂപ വിലമതിക്കുന്ന ഈ വസതി ഐശ്വര്യത്തിന്റെയും ആധുനികതയുടെയും ഉദാഹരണമാണ്. 30,000 ചതുരശ്ര അടി വിസ്തീർണ്ണം, ഇൻഡോർ സ്വിമ്മിംഗ് പൂൾ, സ്വകാര്യ തിയേറ്റർ, ടെറസ് ഗാർഡൻ എന്നിവയാണ് പ്രധാന സവിശേഷതകൾ.
7. രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് ഹോം
മുംബയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് ഹോം ചാരുതയുടെ മൂർത്തീഭാവമാണ്. 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വസതി ടാറ്റ സൺസിന്റെ മുൻ ചെയർമാന്റെ വിശിഷ്ടമായ ജീവിതശൈലി പ്രതിഫലിപ്പിക്കുന്നു. . 13,350 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീടിൽ വിശാലമായ ലൈബ്രറി, മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്.
8. ജിൻഡാൽ ഹൗസ്
ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ജിൻഡാൽ ഹൗസ് പ്രമുഖ വ്യവസായി നവീൻ ജിൻഡാലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 230 കോടി രൂപ (ഏകദേശം 31 ദശലക്ഷം ഡോളർ) വിലമതിക്കുന്ന ഈ വസതി ആഡംബരത്തിന്റെ അവസാന വാക്കാണ്. 25,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിൻഡാൽ ഹൗസിൽ നീന്തൽക്കുളം , സ്വകാര്യ തിയേറ്റർ, ജിം, വിശാലമായ പൂന്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമാണ്.
9. റൂയ ഹൗസ്
സൗത്ത് മുംബൈയിൽ സ്ഥിതി ചെയ്യുന്ന റൂയ ഹൗസ് റൂയ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. ഈ വസതിക്ക് ഏകദേശം 120 കോടി രൂപ വിലമതിക്കും.
10.വിജയ് മല്ല്യ
കിംഗ്ഫിഷറിന്റെ ഉടമയും വിവാദ വ്യവസായി വിജയ് മല്ല്യയുടെ യു.ബി സിറ്റി നിർമ്മിച്ച വീടിന് 100 കോടി രൂപയാണ് വില.