
കോട്ടയം: തങ്ങളുടെ ജനനേതാവിന്റെ വേർപാടിൽ വിതുമ്പുകയാണ് കോട്ടയത്തെ കാനം എന്ന ചെറുഗ്രാമം. സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ കൊച്ച് കളപ്പുരയിടത്തിൽ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്.
എല്ലാവർക്കും പങ്കുവയ്ക്കാനുള്ളത് സ്നേഹമുള്ള ഓർമകൾ മാത്രം. തങ്ങൾക്ക് വലിയൊരു നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് നാട്ടുകാർ പറയുന്നു. ഒമ്പതു വർഷക്കാലത്തെ എംഎൽഎ സ്ഥാനം മാത്രമല്ല വിദ്യാർത്ഥി യുവജന ട്രേഡ് യൂണിയൻ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്.
നാട്ടിൽ റോഡ് വന്നതും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചതും ഇന്ത്യ പ്രസിൻ്റെ പ്രവർത്തനം തുടങ്ങിയതും എല്ലാം കാനത്തിൻ്റെ ഇടപെടലിലൂടെയായിരുന്നു. സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നാട്ടിൽ ഇല്ലെങ്കിലും കാനത്തിന്റെ വീടിൻ്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു. ആളുകൾക്ക് ഏതു സമയത്തും കടന്നുവരുന്നതിന് വേണ്ടിയായിരുന്നു ആ കരുതൽ.
തിരുവനന്തപുരത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.