
ഡൽഹി: വിദേശരാജ്യങ്ങളിൽ തട്ടിപ്പുനടത്തിയ ഇന്ത്യക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കാസർകോട് സ്വദേശിയായ അബ്‌ദുറഹ‌്മാൻ ചേനോത്തിനെതിരെയാണ് ഇഡി ആദ്യ നടപടി സ്വീകരിച്ചത്. ഇയാളുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. ഷാർജയിലെ ബാങ്കിൽ നിന്നും 83 കോടി രൂപ വായ്‌പയെടുത്ത് മുങ്ങിയ കേസിലാണ് നടപടി.
കോഴിക്കോട്, കാസർകോട്,കൊച്ചി തുടങ്ങിയ ജില്ലകളിലുളള ഇയാളുടെ ഒമ്പത് സ്ഥാപനങ്ങളിലായി ഇഡി പരിശോധന നടത്തി. റെയ്ഡിൽ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. വിദേശത്തെ വിവിധ ബാങ്കുകളിൽ നിന്നും അബ്‌ദുറഹ്‌മാൻ 340 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ഇയാൾ ഹവാല ഇടപാടുകൾ വഴി പണം കേരളത്തിലെത്തിച്ച് സിനിമയുൾപ്പടെ പല വ്യവസായങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. അബ്‌ദുറഹ്‌മാന്റെ മൂന്നര കോടിയുടെ സ്വത്ത് നിലവിൽ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.