lekha

തിരുവനന്തപുരം: പാഴ് വസ്തുക്കൾ വെറുതെ വലിച്ചെറിയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് ഇടപ്പഴഞ്ഞി സ്വദേശി ലേഖ രാധാകൃഷ്ണൻ.പാഴ്‌വസ്തുകൾ കൊണ്ട് മനോഹരമായ ആഭരണങ്ങൾ നിർമ്മിക്കുകയാണ് ലേഖ.ചെറുപ്പകാലത്ത് കരകൗശലവസ്തുക്കളോട് തോന്നിയ കൗതുകമാണ് ആഭരണനിർമ്മാണത്തിലേക്ക് എത്തിച്ചത്.മീൻവാലും കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കവറും ഗോതമ്പുമാവും ബേബി പൗഡറും ഫ്രെയിംസും കല്യാണകാർഡുകളും കളയാതെ,​ മനോഹരമായ വളയും കമ്മലും മാലകളുമാക്കി മാറ്റും.

പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്നവയാണിതെന്ന് കാണുന്നവർക്ക് തിരിച്ചറിയാൻ കഴിയില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾസ് കമ്പനി ലിമിറ്റഡിൽ സീനിയർ മാനേജരായി വിരമിച്ച ശേഷം കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്,ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ ലെയ്സൺ ഓഫീസറായി ജോലി ചെയ്യുകയാണ് ലേഖ. വീട്ടിലെത്തിയാലുടൻ ആഭരണ നിർമ്മാണത്തിലേക്ക് കടക്കും.2016ലാണ് കരകൗശല,ആഭരണ നിർമ്മാണത്തിലേക്ക് എത്തുന്നത്.

ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ലേഖ.ഇതുവരെയുണ്ടാക്കിയ വസ്തുക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആൽബം നിധിപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട്.ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്,യു.ആർ.എഫ് വേൾഡ് റെക്കാഡ് തുടങ്ങി നിരവധി റെക്കാഡുകൾ നേടി.കേരളീയം ഉൾപ്പെടെ നിരവധി പരിപാടികളിൽ എക്സിബിഷൻ നടത്തിയിട്ടുണ്ട്.ഗിന്നസ് എന്ന ലക്ഷ്യത്തോടൊപ്പം വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കുമായി ഒരു ആർട് ഗ്യാലറി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോൾ.

വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പരേതനായ ഇടപ്പഴിഞ്ഞി രാധാകൃഷ്ണനാണ് ഭർത്താവ്.ഡെന്റൽ ഡോക്ടറായ മകൾ രേണുകയും മാർക്കറ്റിംഗ് മാനേജറായ മകൻ വിഷ്ണുവും സിനിമാതാരവും പാട്ടുകാരിയുമായ മരുമകൾ ചാന്ദ്നിയും ചാണ്ഡിഗറിലെ സെക്രട്ടറിയായ മരുമകൻ ഹരി കല്ലിക്കാട്ടും അടങ്ങുന്നതാണ് കുടുംബം.

മനസിൽ തോന്നുന്ന രൂപമാണ് ആഭരണങ്ങളായി മാറുന്നത്.പാഴ്‌വസ്തുക്കളായതിനാൽ ചിലവുമില്ല.എത്രകാലം കഴിഞ്ഞാലും നശിക്കുകയുമില്ല. ലേഖ രാധാകൃഷ്ണൻ