isis

മുംബയ്: മഹാരാഷ്ട്രയിൽ ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഭീകര സംഘടനയായ ഐസിസുമായി ബന്ധമുള്ള 13 പേരെ അറസ്റ്റ് ചെയ്തു. ഐസിസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ വിവിധ സ്ഥലങ്ങളിലും എൻഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്രയിൽ താനെ, പൂനെ, മിറ ബയന്തർ അടക്കം 40ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്. താനെയിൽ മുപ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി.

ഓഗസ്റ്റിൽ സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ചതിന് ആക്കിഫ് അതീഖ് നചൻ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അഞ്ച് പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. മുംബയിൽ നിന്നുള്ള തബിഷ് നാസർ സിദ്ദിഖി, പൂനെയിൽ നിന്നുള്ള സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, അദ്നാൻ സർക്കാർ, താനെയിൽ നിന്നുള്ള ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോദാവാല എന്നിവരെ കഴിഞ്ഞ മാസം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിനെതിരായ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ പാവറട്ടി സ്വദേശി സെയ്ദ് നബീൽ അഹമ്മദ്, തൃശൂർ കാട്ടൂർ നെടുപുരയിലെ ഷിയാസ് ടി.എസ്, തൃശൂർ പാടൂർ സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിൽ സജീവമായിരുന്ന ഐ.എസ് മൊഡ്യൂളിനെ ജൂലായിലാണ് എൻഐഎ നിരീക്ഷണത്തിലാക്കിയത്. തീവ്രവാദ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനും മതകേന്ദ്രങ്ങൾക്കും നേതാക്കൾക്കും നേരെ ഭീകരാക്രമണം നടത്താനും ഇവർ പണം സ്വരൂപിച്ചെന്നാണ് കണ്ടെത്തിയത്.

ഇതിനായി സഹകരണ ബാങ്കുകൾ, ദേശസാത്കൃത ബാങ്കുകൾ, ജ്വല്ലറികൾ, ഇതരമതസ്ഥരുടെ ബിസിനസ് സ്ഥാപനങ്ങൾ, കൊള്ള എന്നീ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്ട് ഒരു എ.ടി.എം കൗണ്ടറിൽ നിന്ന് മുപ്പത് ലക്ഷം കവർന്നിരുന്നു. യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം തുടങ്ങി. ആളെ റിക്രൂട്ട് ചെയ്യുന്നതിലും സംഘം സജീവമായിരുന്നു.

പ്രതികളിലൊരാളായ തൃശൂർ പാടൂർ സ്വദേശി ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്ത് നിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു ആഗസ്റ്റിൽ ഷിയാസ് ടി.എസിനെ പിടികൂടി. സെപ്തംബറിൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ ചെന്നൈയിലാണ് സെയ്ദ് നബീൽ അഹമ്മദ് പിടിയിലായത്. മറ്റൊരു പ്രതി പാലക്കാട് സ്വദേശി റായീസ് ഒളിവിലാണ്.