sun

ന്യൂഡൽഹി: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ- എൽ വൺ പകർത്തിയ സൂര്യന്റെ പുതിയ ചിത്രങ്ങൾ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പുറത്തുവിട്ടു. പേടകത്തിലെ ആൾട്രാവയല​റ്റ് ഇമേജിംഗ് ടെലസ്‌കോപ്പ് ( എസ്‌യുഐടി) ഉപകരണത്തിന്റെ സഹായത്തോടെയാണ് ആദിത്യ- എൽ വൺ സൂര്യന്റെ പൂർണരൂപം (ഫുൾഡിസ്ക് ഇമേജ്) പകർത്തിയതെന്ന് ഐഎസ്ആർഒ അറിയിച്ചു.

200 മുതൽ 400 എൻഎം വരെ തരംഗദൈർഘ്യമുള്ള പതിനൊന്ന് വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ചാണ് ആദിത്യ- എൽ വൺ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇതിലൂടെ സൂര്യന്റെ ഫോട്ടോസ്ഫിയറിനെയും ക്രോമോസ്ഫിയറിനെയും കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടത്താൻ സാധിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

Aditya-L1 Mission:
The SUIT payload captures full-disk images of the Sun in near ultraviolet wavelengths

The images include the first-ever full-disk representations of the Sun in wavelengths ranging from 200 to 400 nm.

They provide pioneering insights into the intricate details… pic.twitter.com/YBAYJ3YkUy

— ISRO (@isro) December 8, 2023

പുറത്തുവന്ന ചിത്രങ്ങളിൽ സൂര്യകളങ്കങ്ങൾ, പ്ലേഗ്( സൂര്യന്റെ ഏറ്റവും പ്രകാശമുളള ഭാഗം), ശാന്തമായ സൂര്യപ്രദേശങ്ങൾ തുടങ്ങിയവ വ്യക്തമായി കാണാൻ സാധിക്കും. സൂര്യന്റെ ഉപരിതലങ്ങളെ അപേക്ഷിച്ച് താരതമ്യേന തണുപ്പുളള ഭാഗമായ സൂര്യകളങ്കങ്ങൾ ചിത്രത്തിൽ ഇരുണ്ടതായാണ് കാണപ്പെടുന്നത്. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ (ഐയുസിഎഎ) 50 ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം വികസിപ്പിച്ചെടുത്ത ആദിത്യ-എൽ വണിലെ ഏഴ് പേലോഡുകളിൽ ഒന്നാണ് സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് എന്നത് ശ്രദ്ധേയമാണ്.

sun

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ആദിത്യ- എൽ വൺ പേടകം വിക്ഷേപിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയും വിവിധ ദേശീയ ഗവേഷണ ലബോറട്ടറികളും വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ പേലോഡുകൾ പേടകത്തിൽ സജീകരിച്ചിട്ടുണ്ട്. ഐയുസിഎഎയെ കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഒഎ) ഗവേഷകരും പേലോഡുകൾ വികസിപ്പിക്കുന്നതിൽ ഭാഗമായിരുന്നു.

ഭൂമിയിൽ നിന്ന് 1.5 മില്ല്യൺ കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് വൺ പോയന്റാണ് പേടകത്തിന്റെ ലക്ഷ്യസ്ഥാനം. 15 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അതിന്റെ ഒരു ശതമാനം മാത്രം അകലെയാണ് ആദിത്യ-എൽ വൺ എത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലത്തിന് തുല്യമായ നാല് ബിന്ദുക്കളിൽ ഒന്നാണ് ഇത്. ആകാശഗോളങ്ങളുടെ നിഴൽ വീഴാത്ത ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.