
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നെണ്ണവും പിടിച്ചെടുത്തതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 2024ൽ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇപ്പോഴേ പദ്ധതികൾ ബിജെപി ക്യാമ്പിൽ ഒരുങ്ങുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധിപത്യം നേടിയെടുക്കാനുള്ള ഒരുങ്ങങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് വിജയം നേടുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്.
ഓരോ മണ്ഡലങ്ങളിൽ മൂന്ന് വീതം സ്ഥാനാർത്ഥികളുള്ള പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കുകയാണ്. വയനാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര നേതാക്കളെ ഇറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നിലവിൽ വയനാട് സീറ്റ് ബിഡിജെഎസിനാണ്. ഈ സീറ്റ് ബിജെപി ഏറ്റെടുത്ത് കേന്ദ്ര നേതാക്കളെ ഇറക്കാനാണ് സാദ്ധ്യത. കേന്ദ്ര നേതാക്കളെ കൂടാതെ ശോഭ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് എന്നീ നേതാക്കളുടെ പേരും പരിഗണനയിലുണ്ട്.
കേരളത്തിലെ 20 സീറ്റുകളിൽ ആറെണ്ണമാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃശൂരിൽ സുരേഷ് ഗോപിയുടെ സീറ്റ് ഉറപ്പിച്ചതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അദ്ദേഹം നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്ര അതിന് ഒരു ഉദാഹരണമാണ്. കൂടാതെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സുരേഷ് ഗോപി മത്സരിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു.
സംസ്ഥാനത്ത് ബിജെപി ലക്ഷ്യം വയ്ക്കുന്ന മറ്റൊരു സീറ്റ് തിരുവനന്തപുരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച കുമ്മനം രാജശേഖരന് മൂന്ന് ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ നേടി രണ്ടാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ മത്സരം കടുപ്പിക്കാൻ കേന്ദ്രത്തിൽ നിന്നും മുതിർന്ന നേതാവിനെ ഇറക്കിയേക്കും. കേന്ദ്രമന്ത്രിമാരായ എസ് ജയ്ശങ്കറും നിർമ്മലാ സീതാരാമനും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിർമ്മലാ സീതാരാമന്റെ പേര് മണ്ഡലത്തിൽ ഉയർന്നുകേട്ടിരുന്നു.
കോഴിക്കോട് സീറ്റിൽ എംടി രമേശിനും ശോഭ സുരേന്ദ്രനും സാദ്ധ്യതയുണ്ട്. കാസർകോട് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ് തന്ത്രി എന്നിവർക്കാണ് സാദ്ധ്യതയുള്ളത്. കണ്ണൂരിൽ പ്രഫൂൽ കൃഷ്ണനും കെ രഞ്ജിത്തും പരിഗണനയിലുണ്ട്. എറണാകുളം മണ്ഡലത്തിൽ അനിൽ ആന്റണിയെ പരിഗണിച്ചേക്കും. കോട്ടയം ലോക്‌സഭ മണ്ഡലത്തിലും അനിൽ ആന്റണിയുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്.
പത്തനംതിട്ടയിൽ പിസി ജോർജിന്റെ പേരാണ് ഉയരുന്നത്. ഇടുക്കി, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങൾ ബിഡിജെഎസിന് കൊടുത്തേക്കും. തുഷാറിനെ ഇറക്കി ആലപ്പുഴയിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാനും പദ്ധതിയുണ്ട്. ജേക്കബ് തോമസിനെ ചാലക്കുടിയിലാണ് പരിഗണിക്കുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് നേരത്തെ ഉയർന്നു കേൾക്കുന്നതാണ്. മണ്ഡലത്തിൽ വി മുരളീധരൻ ഇപ്പോഴേ സജീവമാണ്.