
മറ്റു സംഘടനകളിൽ അംഗത്വം നേടുന്നതിനെ അപേക്ഷിച്ചു യംഗ് ഇന്ത്യൻ ആവുക എളുപ്പമല്ല .
100 അംഗങ്ങൾ ആയതിന്റെ ആഘോഷം ഇന്ന്
ഇന്ത്യയിലെ ആദ്യത്തെ ഇൻഡസ്ട്രീസ് സംഘടനയും നൂറ്റിമുപ്പത്തോളും വർഷങ്ങളുടെ പാരമ്പര്യവുമുള്ള കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന യുവ സംരഭകരുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് യംഗ് ഇന്ത്യൻസ്. അറുപത്തിയഞ്ചു നഗരങ്ങളിൽ പ്രവർത്തിക്കുന്ന യംഗ് ഇന്ത്യൻസ് ജി 20 രാജ്യങ്ങളുടെ യുവ സംരംഭകരുടെ കൂട്ടായ്മയായ G20 YEA യിൽ നമ്മുടെ രാജ്യത്തെ പ്രതിനിധാനം ചെയുന്നു. കഴിഞ്ഞ ഏപ്രിലിൽ ജി 20യുടെ ഭാഗമായി കേന്ദ്ര യുവജനക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തു ട്രിനിറ്റി കോളേജിൽ വച്ച് യംഗ് ഇന്ത്യൻസ് മാറുന്ന തൊഴിലിടങ്ങളെയും ഗ്രാമീണ വികസനത്തെയും കുറിച്ച് സംവാദം സംഘടിപ്പിച്ചു.
2002ൽ രാജ്യത്തു നിലവിൽ വന്നെങ്കിലും 2009ലാണ് In App കമ്പനിയുടെ സി.ഇ.ഒ വിജയ് യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചാപ്റ്റർ ആരംഭിക്കുന്നത്. ഇന്ന് ഈ ചാപ്റ്റർ നൂറു അംഗങ്ങളാൽ സമ്പന്നമായിരിക്കുന്നു. നൂറിലെത്താൻ പതിനാലു വർഷങ്ങൾ വേണ്ടി വന്നു എന്ന വസ്തുത മറ്റു സംഘടനകളിൽ അംഗത്വം നേടുന്നതിനെ അപേക്ഷിച്ചു യംഗ് ഇന്ത്യൻ ആവുക എളുപ്പമല്ല എന്നതും പ്രസക്തമാകുന്നു.
"കാലാവസ്ഥ വ്യതിയാനം, ഗ്രാമീണ മേഖലയുടെ ഉന്നമനം, റോഡ് സുരക്ഷാ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, അവയവദാനം മുതലായ മേഖലകളിൽ നമ്മൾ വിവിധ പദ്ധതികൾ നടത്തുന്നുണ്ട്," ചാപ്റ്റർ ചെയർ അനിന്ത് ബെൻ റോയ് പറയുന്നു. "ഓരോ പദ്ധതിക്കും പ്രത്യേകമായ ടീമുകൾ പ്രവർത്തിക്കുന്നു"
അംഗങ്ങൾക്ക് കൂടുതൽ ബിസിനസ്സ് നൽകുക എന്നതല്ല യംഗ് ഇന്ത്യൻസിന്റെ ലക്ഷ്യം. ഒരു കൂട്ടായ്മയിലൂടെ സമൂഹത്തിലെ ചിന്താധാരകൾക്കു നേതൃത്വവും അതുവഴി രാജ്യ നിർമ്മാണവുമാണ് സംഘടന മുന്നോട്ടു വയ്ക്കുന്ന ആശയം. കോളേജ് വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ "യുവ" എന്ന പദ്ധതി നടപ്പാക്കുന്നു.
ലേണിംഗ് മുഖ്യം
ലൈഫ് ലോംഗ് ലേണിംഗ് അഥവാ ആജീവനാന്ത വിദ്യാഭാസമാണ് തിരുവനന്തപുരം ചാപ്റ്റർ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന പരിപാടി. ധ്രുതഗതിയിൽ സാങ്കേതികവിദ്യകൾ മാറ്റിമറിക്കുന്ന നമ്മുടെ ഇന്നത്തെ ലോകത്തു അർപ്പണ ബോധമുള്ള ഒരു വിദ്യാർത്ഥിയെ പോലെ ജിജ്ഞാസ ഏതു പ്രൊഫെഷണലിനും മുതൽക്കൂട്ടാണ്. എല്ലാ തിങ്കളാഴ്ച്ചകളിലും യംഗ് ഇന്ത്യൻസ് ഒത്തുചേരുന്നു. ഈ സദസ്സുകളിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ അവരുടെ അറിവും അനുഭവവും പങ്കുവയ്ക്കുന്നു. "ഈ വർഷം അൻപതോളം പ്രഗത്ഭരുമായി സംവദിക്കാൻ അവസരമുണ്ടായി," ലേർണിംഗിന് നേതൃത്വം നൽകുന്ന അഥിതി രാധാകൃഷ്ണൻ പറയുന്നു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ, ജിജി തോംസൺ, ജേക്കബ് പുന്നൂസ് മുതലായ പ്രസിദ്ധരായ പൊതുസേവകരും യുവ സിവിൽ സർവ്വീസ് ഓഫീസർമാരും പഴയ തലമുറയിലെയും പുതിയ തലമുറയിലെയും വ്യവസായികളും സിനിമ സ്പോർട്സ് മേഖലയിലെ താരങ്ങളും യംഗ് ഇന്ത്യൻസിന്റെ അതിഥികളായി എത്തിയിട്ടുണ്ട്.
കോവളം മാരത്തോൺ
തെക്കേ ഇന്ത്യയിലെ യംഗ് ഇന്ത്യൻസ് ചാപ്റ്ററുകളുടെ സമ്മേളനം ആദ്യമായി ഈ വർഷം കേരളത്തിൽ വച്ച് നടന്നു. അതിനായി തിരുവനന്തപുരത്തു എത്തിച്ചേർന്ന യംഗ് ഇന്ത്യൻസ് നമ്മുടെ മനോഹരമായ കടൽത്തീരത്തു ഒരു മാരത്തോൺ എന്ന ആശയം മുന്നോട്ടു വച്ചു. കേവലം രണ്ടു മാസങ്ങൾ കൊണ്ട് തിരുവനന്തപുരത്തെ ടീം അന്താരാഷ്ട്ര ഏജൻസിയുടെ അംഗീകാരത്തോടെ 42 കിലോമീറ്റർ നീണ്ട കോവളം മുതൽ ശംഖുമുഖം വരെയുള്ള മാരത്തോൺ യാഥാർഥ്യമാക്കി. ആയിരത്തിഅഞ്ഞൂറോളം പേർ പങ്കെടുത്ത മാരത്തോൺ വെളുപ്പിന് മൂന്നു മണിക്ക് ആരംഭിച്ചു ഒൻപതു മണിയോടെ എം. വിൻസെന്റ് എം.എൽ.എ, ഐ.ജി. ശ്യാം , സൗത്തേൺ എയർ കമാൻഡ് മേധാവി സൗരഭ് ശിവ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമാപിച്ചു. സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റെ പരിപൂർണ സഹകരണത്തിൽ നടത്തിയ ഈ മെഗാ മാരത്തോൺ തിരുവനന്തപുരം നിവാസികൾക്ക് പുത്തൻ അനുഭവമായി. അടുത്ത വർഷം ഇതിലും വിപുലമായി മാരത്തോൺ സംഘടിപ്പിക്കാനാണ് യംഗ് ഇന്ത്യൻസ് തീരുമാനം എന്ന് റേസ് ഡയറക്ടർ ഷിനോമോൾ പറഞ്ഞു.
സാലിക്കൊരു കൈത്താങ്ങ്
ഇന്ത്യക്കു വേണ്ടി ബ്ലൈൻഡ് ചെസിൽ മെഡൽ നേടിയതിനു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായ മുഹമ്മദ് സാലി സാമ്പത്തിക ബുദ്ധിമുട്ടിനാൽ തന്റെ മെഡലുകൾ വിൽക്കാൻ ഉദ്ദേശിക്കുന്ന വാർത്താ സാംസ്കാരിക കേരളത്തിനെ ഞെട്ടിപ്പിച്ചു. കേരള കൗമുദിയിലൂടെ ഈ വാർത്ത ശ്രദ്ധയിൽ പെട്ട ഉടൻ യംഗ് ഇന്ത്യൻസ് സാലിയെ സഹായിക്കാൻ ഉറച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെസ് അക്കാദമിയായ പ്രീമിയർ ചെസിന്റെ സ്ഥാപകനും യംഗ് ഇന്ത്യൻസ് അംഗവുമായ രഞ്ജിത്ത് ബാലകൃഷ്ണൻ സാലിയെ അക്കാഡമിയിലേക്കു ക്ഷണിക്കുകയും യംഗ് ഇന്ത്യൻസ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ അംബാസിഡറായി നിയമിക്കുകയും ചെയ്തു.
ഒരു നഴ്സറി റൈം
രാജ്യത്തുടനീളം കുട്ടികളിൽ ലൈംഗിക അതിക്രമത്തിനെതിരെ അവബോധം സൃഷ്ടിക്കാനായി മാസൂം എന്ന പദ്ധതി യംഗ് ഇന്ത്യൻസ് നടപ്പാക്കി വരുന്നു. ഇതിനകം ലക്ഷകണക്കിന് കുട്ടികളാണ് മസൂമിൽ പങ്കാളികളിയായത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ചാപ്റ്റർ ഈ വർഷം മാസൂമിനായി ഒരു നഴ്സറി റൈം നഗരത്തിലെ സരസ്വതി സ്കൂളിലെ കുരുന്നുകളുടെ സഹായത്തോടെ നിർമ്മിച്ചു. മുൻ ചാപ്റ്റർ ചെയറും ട്രിനിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പലുമായ ഡോ. അരുൺ സുരേന്ദ്രൻ സംവിധാനം നിർവഹിച്ച വീഡിയോ ഇന്ന് ഇന്ത്യയിൽ ഉടനീളം മാസൂമിന്റെ ബോധവത്കരണ ക്ലാസ്സുകളിൽ ഉപയോഗിച്ച് വരുന്നു.
അപകടരഹിത നഗരം
ബ്ലൈൻഡ്സ്പോട്ട് രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുവാനുള്ള യംഗ് ഇന്ത്യൻസിന്റെ കർമപദ്ധതിയുടെ ഭാഗമായി ഈ വർഷം കഴക്കൂട്ടം മണ്ഡലത്തിൽ കൊടുംവളവുകളിലെ അപകട സാദ്ധ്യത കുറക്കാൻ അൻപതു കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. Ofori നൈറ്റ് ക്ലബിന്റെ സ്പോൺസർഷിപ്പോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അടുത്ത വർഷത്തോടെ ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ്സ്പോട്ട് രഹിത മണ്ഡലമായി കഴക്കൂട്ടം മാറും.
ഫ്യൂച്ചർ 3.0
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ആറു തിരഞ്ഞെടുത്ത മേഖലകളിലെ നയരൂപീകരണത്തിൽ യുവാക്കളെ ഭാഗഭാക്കാകാൻ യംഗ് ഇന്ത്യൻസിന്റെ യുവ കോളേജ് ചാപ്റ്ററുകളിൽ നിന്നും വിദ്യാർത്ഥികളുടെ ആശയങ്ങൾ ക്രോഡീകരിച്ചു കേന്ദ്ര സർക്കാരിന് സമർപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വളർച്ചയിൽ സജീവമായി ഇടപെടാനും സംഭാവന ചെയ്യാനും പുതുതലമുറയെ പ്രേരിപ്പിക്കാൻ ഉതകുന്ന ഇത്തരം പരിപാടികൾ യംഗ് ഇന്ത്യൻസിനെ വേറിട്ടു നിറുത്തുന്നു.
കാലാവസ്ഥ വ്യതിയാനം മുന്നിൽ കണ്ടു മഴവെള്ള സംഭരണികൾ സൗരോർജ്ജ പദ്ധതികൾ എന്നിവ കൂടാതെ ഗ്രാമീണ മേഖലയിലെ ഡിജിറ്റൽ സാക്ഷരതയും പൊതുജനാരോഗ്യവും യംഗ് ഇന്ത്യൻസ് വളരെ ഗൗരവത്തോടെ കാര്യക്ഷമമായി നടത്തിവരുന്നു.
കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗഹാർദ്ദപരമായ നഗരമായി തിരുവനന്തപുരത്തിനെ ഉയർത്താൻ എല്ലാവരോടും കൈകോർത്തു പ്രവർത്തിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. പുത്തനാശയരൂപീകരണവും സംരംഭകത്വവും സ്കൂൾ തലത്തിൽ നിന്നേ പ്രോത്സാഹിപ്പിച്ചു ഉർജ്ജസ്വലരായ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുകയാണ് യംഗ് ഇന്ത്യൻസിന്റെ ലക്ഷ്യം.