surgery

കൊല്ലം: ജഡ്ജി സംശയിച്ചതുപോലെ തന്നെ, ഒടുവിൽ വളർത്ത് നായയുടെ വയറ്റിൽ നിന്ന് 'തൊണ്ടിമുതൽ' കണ്ടെത്തി. ജഡ്ജിയുടെ നായ വിഴുങ്ങിയ സേഫ്ടി പിന്നാണ് മൂന്ന് ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ലേബർ കോടതി ജില്ലാ ജഡ്ജി പി.മായാദേവിയുടെ ഒരു വയസുള്ള പോമറേനിയൻ നായയായ പോപ്പിയുടെ വയറ്റിൽ നിന്ന് സേഫ്ടി പിൻ പുറത്തെടുത്തത്.

സാരിയിലെ ആറ് സേഫ്ടി പിന്നുകളിൽ ഒരെണ്ണം കാണാതായി. രണ്ട് ദിവസം ഫ്‌ളാറ്റ് മുഴുവൻ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുസൃതിക്കാരനായ പോപ്പി വിഴുങ്ങിയതാണോയെന്ന സംശയം ഉയർന്നു.

പരിശോധനയ്ക്ക് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. എക്സറേയെടുത്തപ്പോൾ വയറ്റിൽ സേഫ്ടി പിൻ തുറന്നിരിക്കുന്ന നിലയിൽ കുടുങ്ങിയതായി കണ്ടെത്തി. അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ ശാസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

അനസ്‌തേഷ്യ നൽകി അരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സോഫ്ടി പിൻ പുറത്തെടുത്തു. വയറ്റിൽ വെച്ചുകെട്ടുണ്ടെങ്കിലും താനൊന്നും അറിഞ്ഞില്ലേയെന്ന മട്ടിലാണ് ഫ്ളാറ്റിൽ 'കള്ളന്റെ' നടപ്പ്.

ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ ഡോ. സജയ് കുമാർ, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.