con

ഭുവനേശ്വർ:150ലധികം ബാഗുകളിൽ നോട്ട് കെട്ടുകൾ. ഒഡീഷയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്‌ഡിൽ കണ്ടെത്തിയതാണിത്. ഇതുവരെ 300 കോടിയോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ബുധനാഴ്‌ച തുടങ്ങിയ പരിശോധന തുടരുകയാണ്. ധീരജ് ഒളിവിലാണ്. എം.പിയുടെ ഡിസ്റ്റിലറി ​ഗ്രൂപ്പ് ഉൾപ്പെടെ ഒഡിഷയിലെയും ജാർഖണ്ഡിലെയും 25 സ്ഥാപനങ്ങളിൽ നിന്നാണ് 150 ബാഗുകൾ കണ്ടെടുത്തത്. ധീരജിന്റെ റാഞ്ചിയിലെ വീട്ടുവളപ്പിൽ നിന്ന് 19 ബാഗ് പണം കൂടി കണ്ടെടുത്തു. മദ്യ വ്യാപാരികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് തുടരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്. ഒഡീഷയിലെ രണ്ട് എസ്.ബി.ഐ ബ്രാഞ്ചുകളിലാണ് പണം എണ്ണുന്നത്. എണ്ണിത്തീർക്കാൻ 36 യന്ത്രങ്ങൾ. നികുതി വെട്ടിപ്പ് ആരോപണത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.

പരിശോധനയ്ക്കു പിന്നാലെ ബി. ജെ. പി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസുകാരുടെ ഞരമ്പിൽ അഴിമതിയാണെന്ന് ആരോപിച്ചു. ഒരു കോൺഗ്രസ് നേതാവു പോലും വിഷയത്തിൽ ശബ്‌ദിക്കുന്നില്ലെന്നും 300 കോടി പിടിച്ചെടുത്തെന്നും

ആരോപിച്ച കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പണം എണ്ണിയെണ്ണി നോട്ടെണ്ണൽ യന്ത്രം തകരാറായെന്നും പരിഹസിച്ചു.

കൊള്ളയടിച്ച പണം: മോദി

സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി,​ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച പണം തിരികെ നൽകേണ്ടി വരുമെന്ന് പറഞ്ഞു. ജനങ്ങൾ പിടിച്ചെടുത്ത പണം എത്രയുണ്ടെന്ന് നോക്കണം. കോൺഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ച് ബോദ്ധ്യപ്പെടണം.

"കള്ളന്മാരെ ബന്ധിപ്പിച്ച യാത്ര"

ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയോടൊപ്പമുള്ള ധീരജ് സാഹുവിന്റെ ചിത്രം പങ്കുവച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. ഇന്ത്യയിലെ കള്ളന്മാരെ ബന്ധിപ്പിക്കുന്നതായിരുന്നു ജോ‌ഡോ യാത്രയെന്ന് അദ്ദേഹം പരിഹസിച്ചു. എം.പി ധീരജിന്റെ വീട്ടുവളപ്പിൽ നിന്ന് 300 കോടി കണ്ടെത്തിയത് ഇതിന് തെളിവാണെന്നും കുറിച്ചു. മറ്റൊരു പോസ്റ്റിൽ സോണിയ ഗാന്ധിയെ പരാമർശിച്ച് ഇന്ന് അന്താരാഷ്ട്ര അഴിമതി ദിനമാണെന്നും അഴിമതിയുടെ ഉടമയുടെ ജന്മദിനമാണെന്നും കുറിച്ചു.

മൂന്ന് തവണ എം.പി

ധീരജ് സാഹു മൂന്ന് തവണ രാജ്യസഭാംഗമായി. 1997ലാണ് രാഷ്ട്രീയത്തിൽ വരുന്നത്.