
ഗയാന: മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ജോ സോളമൻ (93) അന്തരിച്ചു.1960ൽ ബ്രിസ്‌ബെയ്‌നിൽ ഓസ്‌ട്രേലിയക്കെതിരേ ചരിത്രത്തിൽ ആദ്യമായി ടൈ ആയി അവസാനിച്ച ടെസ്റ്റ് മത്സരത്തിലെ വിൻഡീസിന്റെ ഹീറോയാണ് ജോ സോളമൻ. അന്ന്അവസാന പന്തിൽ ഒരു വിക്കറ്റ് ശേഷിക്കേ ഓസീസിന് ജയിക്കാൻ രണ്ട് റൺസ് വേണമായിരുന്നു. രണ്ടാം റണ്ണിനായി ഓടിയ ഇയാൻ മെക്കിഫിനെ സ്‌ക്വയർ ലെഗിൽ നിന്ന് നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കിയത് സോളമനായിരുന്നു.
1958-നും 1965-നും ഇടയിൽ വെസ്റ്റിൻഡീസിനായി 27 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 1326 റൺസ് നേടിയിട്ടുണ്ട്. 1956-57 സീസണിൽ ബ്രിട്ടീഷ് ഗയാനയ്ക്കായി ആദ്യ മൂന്ന് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയായിരുന്നു ഫസ്റ്റ് ക്ളാസിലെ തുടക്കം. ജമൈക്കയ്ക്കെതിരെ പുറത്താകാതെ 114, ബാർബഡോസിനെതിരേ 108, പാകിസ്ഥാനെതിരേ 121. പിന്നാലെ ഇന്ത്യൻ പര്യടനത്തിനുള്ള വെസ്റ്റിൻഡീസ് ദേശീയ ടീമിലെത്തി. ഡൽഹിയിൽ നടന്ന നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടുകയും ചെയ്തു.