tiger

മാനന്തവാടി: വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂർ സ്വദേശി പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ തിരഞ്ഞ സഹോദരനാണ് മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. കടുവ ആക്രമിച്ച് കൊണ്ടുപോയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന.

കടുവ തന്നെയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ്. പ്രദേശം വനാതിർത്തി മേഖലയാണ്. കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദാരുണ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.