subrata-pal

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബാൾ കണ്ട മികച്ച ഗോൾകീപ്പർമാരിലൊരാളായ സുബ്രതാപാൽ 16 വർഷത്തോളം നീണ്ട കരിയറിന് വിരാമമിട്ടു . 2007ൽ ലെബനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ദേശീയ ടീമില്‍ അരങ്ങേറിയ താരം 65 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി വല കാത്തു. 2011ൽ ദോഹയിൽ നടന്ന ഏഷ്യന്‍ കപ്പിൽ 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ യോഗ്യത നേടിയപ്പോൾ കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ബാറിനു കീഴിലെ സുബ്രതയുടെ തകർപ്പൻ പ്രകടനം അദ്ദേഹത്തിന് ' ഇന്ത്യൻ സ്‌പൈഡർമാൻ"എന്ന പേര് നേടിക്കൊടുത്തു. 20 ഷോട്ടുകളാണ് മത്സരത്തിൽ കൊറിയ ഗോളിലേക്ക് പായിച്ചത്. അതിൽ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂർണമെന്റിൽ 35-ൽ അധികം സേവുകൾ നടത്തിയതോടെയാണ് സുബ്രത താരമായി മാറിയത്.

2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൗണ്ടിലെത്തിയപ്പോൾ നയിച്ചത് സുബ്രതയായിരുന്നു.

ക്ലബ്ബ് കരിയറിൽ വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി വല കാത്തു. 2004-ലെ ഫെഡറേഷൻ കപ്പ് ഫൈനലിൽ ഡെംപോ ഗോവ താരം ക്രിസ്റ്റിയാനോ ജൂനിയർ മൈതാനത്ത് സുബ്രതയുമായി കൂട്ടിയിടിച്ച് വീണാണ് മരണപ്പെടുന്നത്.

ഐ.എസ്.എല്ലിൽ മുംബയ് സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുർ എഫ്‌സി, ഹൈദരാബാദ് എഫ്‌.സി തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2014ൽ ഡാനിഷ് ക്ലബ്ബ് എഫ്സി വെസ്റ്റ്‌സ്‌യെലാൻഡിലെത്തിയ സുബ്രത, വിദേശത്ത് പ്രൊഫഷണൽ ഫുട്ബാൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി.

36-കാരനായ സുബ്രത 2017ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. 2106ൽ അർജുന അവാർഡ് നേടിയിരുന്നു.