speaker

ഹൈദരാബാദ്: തെലങ്കാനയിൽ പ്രോ ടേം സ്പീക്കറെ തീരുമാനിച്ചതിലെ അതൃപ്തിയെത്തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭയിലെ എട്ട് ബി.ജെ.പി അംഗങ്ങൾ. നിയമസഭയിലെ മുതിർന്ന അംഗവും എഐഎംഐഎം പ്രതിനിധിയുമായ അക്ബറുദ്ദീൻ ഉവൈസിയെയാണ് പ്രോടേം സ്‌പീക്കറായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

തുടർന്ന് അക്ബറുദ്ദീൻ ഉവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിലപാടുകൾക്ക് വിരുദ്ധമാണെന്നും സ്ഥിരം സ്പീക്കർ ആയാലെ സത്യപ്രതിജ്ഞ ചെയ്യുകയുള്ളു എന്നും അംഗങ്ങൾ അറിയിച്ചു. ഇന്നലെയായിരുന്നു പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം. രാവിലെ അക്ബറുദ്ദീൻ ഉവൈസി ഗവർണർ തമിഴ്‌സൈ സൗന്ദർരാജനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കവെയാണ് പ്രതിഷേധം ഉണ്ടായത്.

മന്ത്രിമാരുടെ വകുപ്പുകൾ

മന്ത്രിസഭയിലെ 11 മന്ത്രിമാരുടെയും വകുപ്പുകൾപ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ആഭ്യന്തര വകുപ്പ്, നഗരവികസനം, ക്രമസമാധാനം ഉൾപ്പെടെയുള്ളവ. ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാർകയ്ക്ക് ധനകാര്യം, ഊർജ്ജ വകുപ്പ്, ഉത്തംകുമാർ റെഡ്ഡി- ജലസേചനം, ഭക്ഷ്യ-വിതരണ വകുപ്പുകൾ. പൊതുമരമാത്ത് വകുപ്പ് കോമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി. പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിക്ക് റവന്യൂ, ഭവന, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പുകൾ. തുമ്മല നാഗേശ്വര റാവുവിന് കൃഷി വകുപ്പ് തുടങ്ങിയവയാണ് പ്രധാനവകുപ്പുകൾ.